വൃക്ക മാറ്റിവെച്ച ഷാരോണിന് ഓട്ടോറിക്ഷ നല്‍കും

തൃശൂര്‍: വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുശേഷം തുടര്‍ ചികിത്സക്കും പഠനത്തിനുമായി ബുദ്ധിമുട്ടുന്ന ആലപ്പുഴ സ്വദേശി ഷാരോണിന് ജീവിതവഴി തെളിക്കാന്‍ ഓട്ടോറിക്ഷ സമ്മാനമായി നല്‍കുന്നു. ഒമ്പതാം ക്ളാസ് പഠനത്തിനിടെയാണ് ഷാരോണിന് വൃക്കരോഗം ബാധിച്ചത്. തുടര്‍ന്ന് പഠനം നിലക്കുകയും വിയ്യൂര്‍ സ്വദേശി അജിത്കുമാര്‍ നാരങ്ങളില്‍ വൃക്ക നല്‍കാന്‍ തയാറായി രംഗത്തു വരുകയായിരുന്നു. ശസ്ത്രക്രിയക്കുശേഷം ഷാരോണ്‍ എസ്.എസ്.എല്‍.സിയും പ്ളസ് ടുവും പാസായി. ചികിത്സക്കിടെ ചെലവ് കണ്ടത്തൊനായി കടക്കെണിയിലായി വീടു വരെ നഷ്ടപ്പെട്ടിരുന്നു. ഷാരോണിന് വൃക്ക നല്‍കിയ അജിത്തും സുഹൃത്തുക്കളും സംഘടിച്ച് സാമ്പത്തിക ബാധ്യത തീര്‍ത്ത് വീട് തിരിച്ചു നല്‍കി. ചികിത്സക്കു ശേഷം ഷാരോണ്‍ ഓട്ടോ ഡ്രൈവറായ പിതാവിനെ സഹായിക്കാന്‍ പോയി. ഷാരോണിന്‍െറ ചികിത്സാ ചെലവ് താങ്ങാനാകാതെ ഓട്ടോയും കടക്കെണിയിലായി. തുടര്‍ന്ന വാടക ഓട്ടോയാണ് ഓടിച്ചിരുന്നത്. ഷാരോണിന്‍െറ മാതാവും വൃക്ക ദാനം ചെയ്തിരുന്നു. അടുത്ത ബന്ധുവിനാണ് വൃക്ക നല്‍കിയാണ് മാതൃകയായത്. ഷാരോണിനെ സഹായിക്കാന്‍ അജിത്തിന്‍െറ സുഹൃത്തായ ബാബുരാജ് പാമ്പൂരും ഭാര്യ ശ്രീജയുമാണ് ഓട്ടോ സമ്മാനമായി നല്‍കാന്‍ തയാറായിരിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് നാലിന് സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ രാജന്‍ പല്ലന്‍ ഷാരോണിന് ഓട്ടോറിക്ഷ സമ്മാനിക്കും. ചടങ്ങില്‍ വൃക്ക മാറ്റിവെക്കപ്പെട്ട വടക്കഞ്ചേരി സ്വദേശി കണ്ണന് കട ആരംഭിക്കാനുള്ള സാമ്പത്തിക സഹായവും ചടങ്ങില്‍ നല്‍കുമെന്ന് ബാബുരാജ്, ഭാര്യ ശ്രീജ, അജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.