കാല്‍നടക്കാര്‍ സൂക്ഷിക്കുക...കെണിയായി നടപ്പാതകള്‍

തൃശൂര്‍: സാംസ്കാരിക നഗരത്തിലെ നടപ്പാതകള്‍ കാല്‍നടക്കാര്‍ക്ക് കെണിയാവുന്നു. നടത്തം സാഹസമാക്കുന്ന തരത്തില്‍ സ്ളാബുകള്‍ ഇളകിയും ഓടകള്‍ തുറന്നും നടപ്പാതകള്‍ തകര്‍ന്നിരിക്കെ അതേക്കുറിച്ച് മിണ്ടാട്ടമില്ല. വികസനത്തിന്‍െറ പേരില്‍ സമീപനാളില്‍ വിവാദങ്ങളിലേക്ക് കടന്ന എം.ജി.റോഡില്‍ നടുവിലാലില്‍ നിന്ന് തുടങ്ങിയാല്‍ ഇരുഭാഗത്തെയും സ്ളാബുകള്‍ നീങ്ങിയും ടാര്‍ അടര്‍ന്നും വാരിക്കുഴിയാണ്. കോര്‍പറേഷന്‍ രൂപവത്കരണത്തിന് ശേഷം അധികാരത്തിലത്തെിയ ഇടത് ഭരണസമിതിയുടെ കാലത്താണ് നഗര സൗന്ദര്യവത്കരണത്തിന്‍െറ ഭാഗമായി സ്വരാജ് റൗണ്ടിന് ചുറ്റും പ്രധാന പാതകള്‍ക്ക് മുകളിലും ഓട് പതിച്ചത്. എന്നാല്‍ കൃത്യമായ നോട്ടമില്ലാത്തതിനാല്‍ പലയിടത്തും ഇളകി മാറി. കുഴികളും ഏറെയുണ്ട്. ടൈല്‍ പതിക്കല്‍ പൂര്‍ത്തിയായിട്ടില്ലാത്തിടത്തും ഇതുതന്നെയാണ് സ്ഥിതി. ഒരു വര്‍ഷം മുമ്പാണ് വടക്കേ ബസ്സ്റ്റാന്‍ഡില്‍ മധ്യവയസ്കന്‍ അഴുക്കുചാലില്‍ വീണ് നൂറു മീറ്റര്‍ ദൂരം ഒലിച്ചുപോയ സംഭവമുണ്ടായത്. രണ്ടുവര്‍ഷംമുമ്പ് സ്ളാബില്ലാത്ത കാനയില്‍ വീണ് മൈലിപ്പാടത്ത് വൃദ്ധന്‍ മരിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് തൃശൂര്‍ മോഡല്‍ ബോയ്സ് സ്കൂളിന് മുന്നിലും, കുറുപ്പം റോഡില്‍ ജില്ലാ സഹകരണ ബാങ്ക് ശാഖക്ക് സമീപവും കാനയില്‍ സ്ത്രീകള്‍ വീണിരുന്നു. പോസ്റ്റോഫിസ് റോഡില്‍ ചെട്ടിയങ്ങാടിയില്‍ അഴീക്കോടന്‍ കുത്തേറ്റ് മരിച്ച് കിടന്ന സ്ഥലത്തിന് സമീപം കാനയില്‍ നിന്നും സ്ളാബ് ഇളകി നീങ്ങി അപകടാവസ്ഥയിലാണ്. ഇവിടെയാണ് നാളുകള്‍ക്ക് മുമ്പ് ആക്രി പെറുക്കുന്ന സംഘത്തിലെ വയോധിക വീണ് കാലിന് ഗുരുതര പരിക്കേറ്റത്. ഇളകിയ സ്ളാബില്‍ കാല്‍ തട്ടിയായിരുന്നു വീഴ്ച. രണ്ട് ദിവസം മുമ്പ് ഇതുവഴി വന്ന കാര്‍ സ്ളാബ് ഇളകി നീങ്ങിയ കാനയില്‍ കുടുങ്ങി ഏറനേരം ഗതാഗതക്കുരുക്കുണ്ടായി. കഴിഞ്ഞവര്‍ഷമാണ് സ്വരാജ് റൗണ്ടില്‍ നെഹ്റു പാര്‍ക്കിന് മുന്നില്‍ വനിതാ ഡോക്ടറുടെ കാല്‍ സ്ളാബിനിടയില്‍ കുടുങ്ങി പരിക്കേറ്റത്. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എക്കും ജനറല്‍ ആശുപത്രിക്ക് മുന്നിലിട്ട സ്ളാബില്‍തട്ടി വീണ് ഒരിക്കല്‍ പരിക്കേറ്റിരുന്നു. നഗരത്തിലെ തിരക്കേറിയ വടക്കേ ബസ് സ്റ്റാന്‍ഡ്, തൃശൂര്‍ വില്ളേജ് ഓഫിസ് പരിസരം, നെഹ്റു പാര്‍ക്ക് തുടങ്ങിയ പ്രധാന റോഡുകള്‍ക്കരികിലെ ആഴമേറിയ അഴുക്കുചാലുകള്‍ക്ക്് മുകളിലെ സ്ളാബുകളും ആളെ കുരുക്കുന്നതാണ്. മാസങ്ങള്‍ക്ക് മുമ്പ് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അരക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ടവര്‍ നഗരത്തിലെ നടപ്പാതകള്‍ തങ്ങള്‍ക്ക് കൂടി സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തിലേക്ക് സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. വീല്‍ചെയറില്‍ സഞ്ചരിക്കുന്നവര്‍ക്ക് കൂടി സുഗമയാത്രക്ക് റാമ്പ് സൗകര്യമൊരുക്കുമെന്ന് മേയര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഉള്ള നടപ്പാതകള്‍ അപകടപ്പാതകളായി മാറുന്നതല്ലാതെ, മറ്റൊന്നും ഉണ്ടായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.