ചൂല്‍പ്പുറം ട്രഞ്ചിങ് ഗ്രൗില്‍ നിന്ന് മാലിന്യം നീക്കിത്തുടങ്ങി

ഗുരുവായൂര്‍: മാലിന്യം നിറച്ച വാഹനങ്ങള്‍ അകത്തുകടക്കാന്‍ മാത്രം തുറക്കാറുള്ള ചൂല്‍പ്പുറം ട്രഞ്ചിങ് ഗ്രൗണ്ടിന്‍െറ കവാടം ഇതാദ്യമായി മാലിന്യം പുറത്തേക്ക് കടത്താനായി തുറന്നു. നാല് പതിറ്റാണ്ടോളമായി മാലിന്യം നിക്ഷേപിക്കാനുള്ള ഇടം മാത്രമായിരുന്ന ട്രഞ്ചിങ് ഗ്രൗണ്ടില്‍ നിന്ന് ചൊവ്വാഴ്ച മാലിന്യ ലോറി പുറത്ത് കടന്നപ്പോള്‍ ചരിത്ര നിമിഷത്തെ വരവേറ്റത് കൈയടിച്ചും മധുരം വിളമ്പിയും. നഗരസഭ ചെയര്‍മാന്‍ പി.എസ്.ജയന്‍, മുന്‍ ചെയര്‍മാന്‍ ടി.ടി.ശിവദാസന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ വി.കെ.ശ്രീരാമന്‍, കെ.എ.ജേക്കബ്, കെ.പി.വിനോദ്, ലത രാധാകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ ഹിമ ഗണേശ്, ഷെനി ഷൈന്‍, മുന്‍ കൗണ്‍സിലര്‍ എ.ടി.ഹംസ, പൊതുപ്രവര്‍ത്തകരായ കെ.എം.മുകേഷ്, കെ.മുഹമ്മദാലി, കെ.ഷുക്കൂര്‍, വിന്‍സെന്‍റ് വടുക്കൂട്ട് തുടങ്ങിയവര്‍ രാവിലെ തന്നെ സ്ഥലത്തത്തെിയിരുന്നു. പത്തോടെ മണ്ണുമാന്തിയന്ത്രം ട്രഞ്ചിങ് ഗ്രൗണ്ടില്‍ നിന്നുള്ള മാലിന്യം ലോറിയിലേക്ക് കുടഞ്ഞിട്ടപ്പോള്‍ ചുറ്റും നിന്നവര്‍ കരഘോഷമുതിര്‍ത്തു. ഉച്ചക്ക് 12.30 ഓടെ പടക്കം പൊട്ടിച്ചും മധുരം വിളമ്പിയുമാണ് മാലിന്യം കയറ്റിയ ലോറിയെ അനില്‍ മഞ്ചിറമ്പത്തിന്‍െറ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ യാത്രയാക്കിയത്. സ്ഥലത്തുണ്ടായിരുന്നവര്‍ക്കും തൊഴിലാളികള്‍ക്കും നഗരസഭയുടെ വക ചായയും പലഹാരവും വിതരണവും ചെയ്തു. പതിറ്റാണ്ടുകളായി ചൂല്‍പ്പുറം, ഇരിങ്ങപ്പുറം പ്രദേശങ്ങള്‍ നേരിടുന്ന മാലിന്യ ദുരിതത്തിന് അറുതിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. കോഴിക്കോട്ടെ ഒലീന മഹിളാ സമാജമാണ് കര്‍ണാകയിലെ മാണ്ഡ്യയിലേക്ക് മാലിന്യം കൊണ്ടുപോകുന്നത്. ആദ്യ ദിവസം 7230 കിലോ മാലിന്യം നീക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ ലോറികള്‍ മാലിന്യ നീക്കത്തിന് ഉപയോഗിക്കുമെന്ന് സമാജം ചെയര്‍മാന്‍ ടി.സുജാത പറഞ്ഞു. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്.ലക്ഷ്മണന്‍, അസി. എന്‍ജിനീയര്‍ മുരളി എന്നിവരുടെ മേല്‍നോട്ടത്തിലാണ് മാലിന്യനീക്കം. ഒരു കിലോ മാലിന്യം കൊണ്ടുപോകാന്‍ നഗരസഭ അഞ്ച് രൂപ നല്‍കണം. മാലിന്യനീക്കത്തിനായി നഗരസഭ 50 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്. സംസ്കരണ പ്ളാന്‍റ് നിര്‍മിക്കുന്ന സ്ഥലത്തെ മാലിന്യമാണ് ആദ്യ ഘട്ടത്തില്‍ കൊണ്ടുപോകുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.