തൃശൂര്‍: കോര്‍പറേഷന്‍െറ നേതൃത്വത്തില്‍ ശക്തന്‍ ബസ്സ്റ്റാന്‍ഡ് നവീകരണവും എം.ജി റോഡിന്‍െറ രണ്ടാംഘട്ടം വികസന പ്രവൃത്തിയും ആരംഭിച്ചു. ഏഴുകോടി ചെലവിട്ട് മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന ശക്തന്‍ സ്റ്റാന്‍ഡ് നവീകരണത്തില്‍ ആദ്യഘട്ടമായി വടക്കുഭാഗത്തെ ടാറിങ് പൊളിച്ച് കോണ്‍ക്രീറ്റ് പാകാനുള്ള പണിയാണ് തിങ്കളാഴ്ച ആരംഭിച്ചത്. കുന്നംകുളം, ചാവക്കാട്, ഗുരുവായൂര്‍, കോഴിക്കോട് തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ നിര്‍ത്തിയിടുന്ന ഭാഗത്താണ് പണി ആരംഭിച്ചത്. ഇവിടെ പൊളിച്ച ശേഷം കോണ്‍ക്രീറ്റ് പാകും. ബസുകള്‍ താല്‍ക്കാലം മറുവശത്തെ ട്രാക്കിന് അഭിമുഖമായി നിര്‍ത്തും. ആളൊഴിഞ്ഞ ബസുകള്‍ക്ക് കോര്‍പറേഷന്‍െറ ഉടസ്ഥതയിലുള്ള മറ്റ് സ്ഥലങ്ങളില്‍ താല്‍കാലിക പാര്‍ക്കിങ് ഒരുക്കാന്‍ കഴിഞ്ഞ ദിവസം മേയറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ധാരണയായിരുന്നു. കമ്പികള്‍ പാകിയാണ് കോണ്‍ക്രീറ്റിടുന്നത്. സ്റ്റാന്‍ഡിലെ റോഡ് അടിക്കടി പൊളിയുകയും അപകടം പതിവാകുകയും ചെയ്ത സാഹചര്യത്തിലാണ് കോണ്‍ക്രീറ്റ് ചെയ്യാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്. ഇതിന് ആവശ്യമായ മെറ്റലും പാറമണലും എത്തിച്ചു തുടങ്ങി. ടി.ബി റോഡിനു സമീപം ഉപയോഗിക്കാതെ കിടന്ന കോര്‍പറേഷന്‍െറ സ്ഥലത്താണ് നിര്‍മാണ സാമഗ്രികള്‍ സംഭരിക്കുന്നത്. ആദ്യഘട്ടം 40 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മേയര്‍ രാജന്‍ ജെ. പല്ലന്‍ പറഞ്ഞു. സംസ്ഥാനത്തെ വലുപ്പം കൂടിയ ബസ്സ്റ്റാന്‍ഡുകളില്‍ ഒന്നായ ശക്തനില്‍ നിന്ന് ദിവസം 3,500ലേറെ സര്‍വീസുകളുണ്ട്. നഗരത്തില്‍ ഏറ്റവും തിരക്കേറിയ എം.ജി റോഡ് വീതി കൂട്ടാനുള്ള നടപടികളും തുടങ്ങി. എം.ജി.റോഡ് വികസനത്തിലെ രണ്ടാംഘട്ടമായി കോട്ടപ്പുറം പാലം വരെ വീതി കൂട്ടാന്‍ മതിലുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുകയാണ്. നടുവിലാല്‍ ജങ്ഷന്‍ മുതല്‍ കോട്ടപ്പുറം പാലം വരെ 22 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്. സറണ്ടര്‍ ചെയ്ത ഭൂമിയും മേയറുമായുള്ള ചര്‍ച്ചയില്‍ വിട്ടു കിട്ടിയ സ്ഥലവും തിങ്കളാഴ്ച ഏറ്റെടുത്തു. 20 ദിവസംകൊണ്ട് വികസനം പൂര്‍ത്തിയാവുമെന്ന് മേയര്‍ പറഞ്ഞു. എം.ജി റോഡ് വികസനത്തിനും കാനകള്‍ പുനര്‍നിര്‍മിക്കാനും തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ ഫണ്ട് അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.