തൃപ്രയാര്‍: തൃപ്രയാറിലെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം മാലിന്യമയം. നഗരത്തിലെ മാലിന്യങ്ങള്‍ ഒഴുകിയത്തെുന്ന അങ്ങാടിത്തോട്ടിലൂടെയുള്ള പൈപ്പ് ദ്രവിച്ചതിനാല്‍ കാനയിലെ മാലിന്യങ്ങള്‍ കുടിവെള്ളത്തില്‍ കലരുകയാണ്. തൃപ്രയാറുകാരും ക്ഷേത്രനഗരിയില്‍ എത്തുന്നവരും ഉപയോഗിക്കുന്നത് ഈ വെള്ളമാണ്. മലമൂത്ര വിസര്‍ജ്യങ്ങളടക്കം കെട്ടിക്കിടക്കുന്ന മലിനജലമാണ് അങ്ങാടിത്തോട്ടിലൂടെ ഒഴുകുന്നത്. കുടിവെള്ള പൈപ്പ് രണ്ടിടത്താണ് ദ്രവിച്ച് ദ്വാരമായത്. ഒരുദ്വാരം പഴയ സൈക്ള്‍ ട്യൂബ് ഉപയോഗിച്ച് ചുറ്റിക്കെട്ടിയിട്ടുണ്ടെങ്കിലും ചോര്‍ച്ചയുണ്ട്. പൈപ്പില്‍ വെള്ളമില്ലാത്ത സമയത്ത് മലിനജലവും അണുക്കളും ഉള്ളില്‍ കയറും. നഗരസൗന്ദര്യവത്കരണത്തിന് നടപ്പാത നിര്‍മാണം നടന്നുവരികയാണ്. ഇതിനുവേണ്ടി തോട്ടിലെ ഈ ഭാഗത്തെ മാലിന്യങ്ങള്‍ നീക്കിയിരുന്നു. അപ്പോഴാണ് പൈപ്പ് ദ്വാരം വീണ് വെള്ളം പോകുന്നത് പുറത്തുകണ്ടത്. ഒരാഴ്ച മുമ്പാണ് ഇത് വാട്ടര്‍ അതോറിറ്റിയുടെ ശ്രദ്ധയില്‍പെട്ടെങ്കിലും നടപടിയുമെടുത്തിട്ടില്ല. മഞ്ഞപ്പിത്തം, പകര്‍ച്ചപ്പനി എന്നിവ കണ്ടുവരുന്ന കാലാവസ്ഥയില്‍ മലിനജലം കലര്‍ന്ന വെള്ളമാണ് അധികൃതര്‍ ജനങ്ങളെ കുടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.