കയ്പമംഗലം: വാഗ്ദാനങ്ങള്‍ നല്‍കി അധികാരം കൈക്കലാക്കുകയും പിന്നീട് വഞ്ചന തൊഴിലാക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാര്‍ക്ക് കയ്പമംഗലം ചളിങ്ങാട്ടെ യുവാക്കള്‍ നല്‍കിയത് ഒരിക്കലും മറക്കാത്ത പാഠം! യു.ഡി.എഫ് മെംബര്‍മാരുടെ മൂന്നു വാര്‍ഡുകളില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിക്കാരായ 200ഓളം വരുന്ന യുവാക്കളാണ് വോട്ട് ചെയ്യില്ളെന്ന് തീരുമാനിച്ചത്. ആശങ്കയിലായ മുന്നണികള്‍ അനുനയത്തിനായി പരക്കം പായുകയാണിപ്പോള്‍. കോണ്‍ഗ്രസ് -ലീഗ് നേതാക്കള്‍ തിങ്കളാഴ്ച രാത്രി നടത്തിയ മധ്യസ്ഥ ചര്‍ച്ച യുവാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അലസിപ്പിരിഞ്ഞു. കയ്പമംഗലം പഞ്ചായത്തിലെ ഏഴ്, ഒമ്പത്, പത്ത് വാര്‍ഡുകളിലെ യുവാക്കളാണ് കടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നത്. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന പനമ്പിക്കുന്ന് -ചളിങ്ങാട് ഒറ്റത്തൈ സെന്‍റര്‍ റോഡിനെ കാലങ്ങളായി പഞ്ചായത്ത് അധികൃതര്‍ അവഗണിച്ചതിലെ അമര്‍ഷമാണ് പ്രതിഷേധമായി അണപൊട്ടിയത്. റോഡ് അറ്റകുറ്റപ്പണി നടത്താനായി നാട്ടുകാര്‍ നിരവധി തവണ പഞ്ചായത്തംഗങ്ങളെ സമീപിച്ചിരുന്നെങ്കിലും അവഗണിക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറയുന്നു. ഇതേതുടര്‍ന്ന് തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രദേശത്ത് യുവാക്കള്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ‘വോട്ട് ചോദിച്ച് ഈ വഴി വരരുത്’ എന്നെഴുതി സ്ഥാപിച്ച ബോര്‍ഡില്‍ ജനപ്രതിനിധികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. വാര്‍ഡുകളില്‍ പ്രതീക്ഷിച്ചതിലും കടുത്ത മത്സരം വന്നതോടെ പണി പാളും എന്ന് മനസ്സിലാക്കിയ നേതാക്കള്‍ യുവാക്കളെ അനുനയിപ്പിക്കാന്‍ എത്തുകയായിരുന്നു. ചളിങ്ങാട് ഒറ്റത്തൈ സെന്‍ററിന് തൊട്ടു പടിഞ്ഞാറുള്ള വീട്ടില്‍ തിങ്കളാഴ്ച സന്ധ്യയോടെ ആരംഭിച്ച യോഗം രാത്രി പത്തുവരെ നീണ്ടു. ഡി.സി.സി അംഗം പി.എം.എ. ജബ്ബാര്‍, ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ.എഫ്. ഡൊമിനിക്, പഞ്ചായത്ത് പ്രസിഡന്‍റ് അനിത ബാബു, പഞ്ചായത്ത് അംഗങ്ങളായ പി.എം. അബ്ദുല്‍മജീദ്, ശ്യാംകൃഷ്ണന്‍, മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്‍റ് ഇബ്രാഹിം ഹാജി, യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ തുടങ്ങിയവരാണ് അനുരഞ്ജനത്തിന് എത്തിയത്. ജനപ്രതിനിധികളെയും രാഷ്ട്രീയക്കാരെയും ഒന്നിച്ചു കിട്ടിയതോടെ യുവാക്കള്‍ പൊട്ടിത്തെറിച്ചു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മധുര വാഗ്ദാനങ്ങളുമായി വരുന്നവര്‍ കഴിഞ്ഞ അഞ്ചുകൊല്ലം എവിടെയായിരുന്നെന്ന ചോദ്യത്തിന് മറുപടി ഉണ്ടായില്ല. കഴിഞ്ഞ കാലയളവില്‍ ഒരു വികസന പ്രവര്‍ത്തനവും ചെയ്യന്‍ കഴിഞ്ഞില്ളെന്നും റോഡിന് മാസങ്ങള്‍ക്ക് മുമ്പ് ഫണ്ട് പാസായിരുന്നെങ്കിലും അറ്റകുറ്റപ്പണി നടത്താന്‍ സാധിച്ചില്ളെന്നും ജനപ്രതിനിധികള്‍ കുമ്പസാരിച്ചു. പഞ്ചായത്തു ഭരണം നിലവില്‍ വന്നാല്‍ ആദ്യം ചെയ്യുന്നത് ഈ റോഡിന്‍െറ നിര്‍മാണമായിരിക്കും എന്ന വാഗ്ദാനം കൂടി നല്‍കിയെങ്കിലും യുവാക്കള്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. വരും ദിവസങ്ങളില്‍ പഞ്ചായത്ത് ഭരണക്കാരുടെ വഞ്ചനക്കെതിരെയും പ്രതിപക്ഷത്ത് നോക്കുകുത്തികളായി ഇരുന്നവര്‍ക്കെതിരെയും നാട്ടുകാര്‍ക്കിടയില്‍ പ്രചാരണം ശക്തമാക്കുമെന്ന് യുവാക്കളുടെ പ്രതിനിധികളായ മെഹബൂബ്, മന്‍സൂര്‍, നസീര്‍ തുടങ്ങിയവര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നടത്തിയ യോഗം ചട്ടലംഘനമാണെന്ന പ്രചാരണവും ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.