കൊട്ടിക്കലാശത്തിന് പൊലീസിന്‍െറ പെരുമാറ്റച്ചട്ടം

കൊടുങ്ങല്ലൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ കൊട്ടിക്കലാശത്തിന് മതിലകം പൊലീസിന്‍െറ പെരുമാറ്റച്ചട്ടം. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഒന്നിച്ചുകൂടുന്ന കൊട്ടിക്കലാശം അനുവദിക്കില്ല. മതിലകം പൊലീസ് പരിധിയില്‍ വരുന്ന ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം, കയ്പമംഗലം, എടതിരുത്തി പഞ്ചായത്തുകളിലാണ് കൊട്ടിക്കലാശ മാര്‍ഗരേഖ തയാറാക്കിയത്. ഇതോടനുബന്ധിച്ച് ഓരോ ഗ്രാമപഞ്ചായത്ത് പ്രദേശത്തിലെയും പാര്‍ട്ടി നേതാക്കളെയും സ്ഥാനാര്‍ഥികളെയും വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്ത് മാര്‍ഗ നിര്‍ദേശം രൂപപ്പെടുത്തി കൊണ്ടിരിക്കുകയാണ്. പെരിഞ്ഞനം, കയ്പമംഗലം, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളുമായുള്ള യോഗം ബുധനാഴ്ച നടക്കും. മാര്‍ഗരേഖ അനുസരിച്ച് ഓരോ പാര്‍ട്ടികളുടെയും സ്വാധീന മേഖലകളില്‍ മാത്രമായിരിക്കും അവര്‍ കൊട്ടിക്കലാശം നടത്തുക. അവിടേക്ക് മറ്റ് പാര്‍ട്ടിക്കാര്‍ കടന്നുവരാന്‍ പൊലീസ് അനുവദിക്കില്ല. ഇതുസംബന്ധിച്ച് പ്രത്യേക നിര്‍ദേശവും പൊലീസ് പാര്‍ട്ടിക്കാര്‍ക്ക് നല്‍കുന്നുണ്ട്. റോഡിന്‍െറ ഒരുഅരികില്‍ മാത്രമേ കൊട്ടികലാശം നടത്താന്‍ പാടുള്ളൂ. ദേശീയപാതയില്‍ ഗതാഗത തടസ്സം ഉണ്ടാകാത്ത വിധത്തിലാണ് കൊട്ടിക്കലാശ മാര്‍ഗരേഖ പൊലീസ് തയാറാക്കുന്നത്. പാര്‍ട്ടിക്കാരുടെ അഭിപ്രായം നേടിയ ശേഷമാണ് അവസാന തീരുമാനം ഉണ്ടാകുന്നത്. മാര്‍ഗരേഖ പ്രകാരം ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ എസ്.എന്‍ പുരം സെന്‍റര്‍ കേന്ദ്രീകരിച്ചായിരിക്കണം സി.പി.എം, സി.പി.ഐ ഉള്‍പ്പെടെയുള്ള ഇടതുമുന്നണി പ്രവര്‍ത്തകര്‍ കൊട്ടിക്കലാശം നടത്തേണ്ടത്. കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെ യു.ഡി.എഫുകാര്‍ സാഹിബിന്‍െറ പള്ളിനടയിലും ബി.ജെ.പിക്കാര്‍ അവരുടെ ശക്തികേന്ദ്രമായ ആലയിലും, ആം ആദ്മി, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളെല്ലാം ശാന്തിപുരം ഭാഗത്തും കൊട്ടിക്കലാശം നടത്തണം. ഈ രീതിയില്‍ മറ്റുപഞ്ചായത്തുകളിലും ക്രമീകരണം ഏര്‍പ്പെടുത്തും. മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മതിലകം എസ്.ഐ എം.കെ. ഷാജി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.