കണിമംഗലത്ത് കൃഷി ഇറക്കാനായില്ല; തരിശിടുമെന്ന് കര്‍ഷകര്‍

തൃശൂര്‍: കണിമംഗലം പാടശേഖര സമിതിയുടെ അനാസ്ഥമൂലം 650 ഓളം കര്‍ഷകര്‍ കൃഷി ഇറക്കാനാവതെ ബുദ്ധിമുട്ടുന്നു. 30 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടത്തിയ സമിതി പ്രസിഡന്‍റിന്‍െറ നടപടികളാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ ആരോപിച്ചു. 900 ഏക്കര്‍ കണിമംഗലം പാടശേഖരം ഈ വര്‍ഷം തിരിശിടേണ്ട അവസ്ഥയാണ്. നവംബര്‍ 15നകം കൃഷി ഇറക്കണമെന്ന തീരുമാനം നടപ്പായില്ല. ഡിസംബറിലെങ്കിലും കൃഷിയിറക്കാന്‍ നടപടി ഉണ്ടായില്ളെങ്കില്‍ തരിശിടുമെന്ന് അവര്‍ പറഞ്ഞു. പാടശേഖരത്തിലെ വെള്ളം പമ്പ് ചെയ്യാത്തതാണ് പ്രതിസന്ധിക്ക് കാരണം. സമീപത്തെ പാടശേഖരങ്ങളിലെല്ലാം കൃഷിയിറക്കി. വെള്ളം വറ്റിക്കാന്‍ മോട്ടോറുകളോ വൈദ്യുതി സൗകര്യമോ സമിതി ഒരുക്കിയിട്ടില്ല. ഡിസംബറിലെങ്കിലും കൃഷിയിറക്കാനായില്ളെങ്കില്‍ കൊയ്ത്ത് കാലം മഴയില്‍ മുങ്ങും. സമിതി പ്രസിഡന്‍റിന്‍െറ അഴിമതിയും ഏകാധിപത്യ മനോഭാവവും മൂലം മൂന്നുവര്‍ഷമായി കൃഷി നടത്തിപ്പ് അവതാളത്തിലാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നു. പ്രസിഡന്‍റ് കണക്കുകള്‍ അവതരിപ്പിക്കാത്തതിനാല്‍ ഒമ്പതംഗ സമിതിയില്‍ ഭൂരിഭാഗം അംഗങ്ങളും രാജിവെച്ചു. നാലുപേരാണ് തുടരുന്നത്. കര്‍ഷകര്‍ ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ മുന്‍ കലക്ടര്‍ എം.എസ്. ജയക്ക് പരാതി നല്‍കിയിരുന്നു. മുമ്പ് എ.ഡി.എമ്മിന്‍െറയും പുഞ്ച സ്പെഷല്‍ ഓഫിസറുടെയും കൂര്‍ക്കഞ്ചേരി കൃഷി ഓഫിസറുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം അടിയന്തരമായി കൃഷിയിറക്കാന്‍ ഭരണസമിതിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഈ കാലാവധിക്കകം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ആഗസ്റ്റില്‍ കണക്ക് അവതരിപ്പിക്കണമെന്ന ഓഫിസര്‍മാരുടെ നിര്‍ദേശത്തിനെതിരെ പ്രസിഡന്‍റ് ഹൈകോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചു. ഇതോടെ പ്രശ്നത്തില്‍ ജില്ലാ ഭരണകൂടമോ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറോ ഇടപെടാത്ത സാഹചര്യമാണെന്നും ആക്ഷന്‍ കൗണ്‍സില്‍ പറയുന്നു. പ്രസിഡന്‍റിന്‍െറ ഇടപെടല്‍ മൂലം കഴിഞ്ഞ തവണ ഒരു പടവില്‍ പണി നടന്നില്ല. പമ്പിങ്ങിനുള്ള വൈദ്യുതി കണക്ഷന്‍ അപേക്ഷ പ്രസിഡന്‍റ് തടഞ്ഞുവെക്കുകയാണ്. നവംബറോടെ കൃഷിയിറക്കണമെന്ന നിര്‍ദേശം അവഗണിച്ചിട്ടും ജില്ലാ ഭരണകൂടം ഇടപെടാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ പ്രതിഷേധ പരിപാടികള്‍ക്ക് ഒരുങ്ങുന്നത്. പാടശേഖരത്തെ തോടുകളും വരമ്പുകളും താഴ്ത്തി ലോഡ് കണക്കിനു മണ്ണു വിറ്റതിന്‍െറ കണക്കോ, കുമ്മായം, കീടനാശിനി, കളനാശിനി എന്നിവ വിറ്റ വകയില്‍ മൂന്നുവര്‍ഷത്തെ വരവു ചെലവു കണക്കോ അവതരിപ്പിച്ചിട്ടില്ല. കര്‍ഷകരില്‍ നിന്ന് ക്വിന്‍റലിന് നാല് കിലോ വീതം നെല്ല് സംഭരിച്ചതിന്‍െറ കണക്കുകളും കാണിച്ചിട്ടില്ളെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ കെ.ബി. പ്രസന്നന്‍, എം.എന്‍. ശങ്കരനാരായണന്‍, സി.വി. മണി, കെ.കെ. സരളാഭായി, ടി. സോമന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.