വെറുതേ ഒരു പ്രഖ്യാപനം

തൃശൂര്‍: കൊട്ടിഘോഷിച്ച ലോഗോ പ്രകാശനം കഴിഞ്ഞ് വര്‍ഷം പിന്നിട്ടിട്ടും കള്‍ച്ചറല്‍ ട്രാഫിക് സിറ്റി പദ്ധതി തുടങ്ങാനായില്ല. ജേക്കബ് ജോബ് സിറ്റി പൊലീസ് കമീഷണറായപ്പോഴാണ് കള്‍ച്ചറല്‍ ട്രാഫിക് സിറ്റി പ്രഖ്യാപനം ഉണ്ടായത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തത്. ഒരു വര്‍ഷത്തിനകം പദ്ധതി നടപ്പാക്കുമെന്നായിരുന്നു അവകാശവാദം. വര്‍ഷം ഒന്നു കഴിഞ്ഞിട്ടും പദ്ധതിയുടെ പ്രാഥമിക നടപടികള്‍ പോലും തുടങ്ങാനായിട്ടില്ല. മാസത്തിലൊരിക്കല്‍ വാഹനരഹിത പട്ടണമാക്കുന്നതുള്‍പ്പെടെയുള്ളവ പരിഗണിച്ച് ഒരു വര്‍ഷം നീളുന്ന പദ്ധതിയാണ് കഴിഞ്ഞ വര്‍ഷം ആസൂത്രണം ചെയ്തത്. ജില്ലാ ഭരണകൂടത്തിന്‍െറയും കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത് എന്നിവയോടൊപ്പം കൊച്ചിന്‍ -പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെയും വിവിധ കലാ-സാംസ്കാരിക സംഘടനകള്‍, ഓട്ടോ -ടാക്സി തൊഴിലാളികള്‍, വിദ്യാലയങ്ങള്‍, ട്രാഫിക് വിദഗ്ധര്‍ തുടങ്ങിയവരടക്കമുള്ളവരുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, പ്രാഥമികതല കൂടിയാലോചന പോലും നടന്നിട്ടില്ല. കോര്‍പറേഷന്‍, ജില്ലാപഞ്ചായത്ത് പുതിയ ഭരണസമിതികള്‍ക്ക് മുന്നില്‍ പദ്ധതി അവതരിപ്പിക്കാന്‍ ശ്രമിച്ചിച്ചിട്ടുമില്ല. ഓട്ടോ-ടാക്സി തൊഴിലാളികളുമായും ട്രാഫിക് വിദഗ്ധരുമായും ചര്‍ച്ച നടന്നിട്ടില്ല. അതുകൊണ്ടു നഗരത്തിലെ അഴിയാ കുരുക്കിന് ഇപ്പോഴും ശമനമില്ല. പോസ്റ്റ് ഓഫിസ് റോഡ്, ദിവാന്‍ജി മൂല, കെ.എസ്.ആര്‍.ടി.സി, കിഴക്കേ കോട്ട എന്നിവിടങ്ങളിലെല്ലാം കുരുക്ക് തുടരുകയാണ്. പദ്ധതി നടപ്പാക്കണമെങ്കില്‍ നഗര ഗതാഗത ഉപദേശക സമിതിയുടെ അനുമതി വേണം. ഇതിന്‍െറ യോഗം ചേര്‍ന്നിട്ടില്ല. ട്രാഫിക് സിഗന്ല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി നേരത്തെ ഗതാഗത ഉപദേശക സമിതി ചൂണ്ടിക്കാട്ടിയിരുന്നു. നഗരത്തിലെ മലീമസമായി കിടക്കുന്ന ജങ്ഷനുകളില്‍ പപ്പു സീബ്രയുടെ ഫൈബര്‍ പ്രതിമകളും സന്ദേശങ്ങളും പൂച്ചെടികളും കൊണ്ട് മനോഹരമാക്കും. സീബ്രാലൈനുകള്‍, ട്രാഫിക് സിഗ്നല്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കും, റൗണ്ടില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ പാര്‍ക്കിങ് സൗകര്യം വ്യാപിപ്പിക്കും, സ്ത്രീ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പാര്‍ക്കിങ് ഒരുക്കും എന്നെല്ലാം വാഗദാനങ്ങളുണ്ടായിരുന്നു. ഗാന്ധിജയന്തി നാളില്‍ തൃശൂരില്‍ രാമനിലയം റോഡില്‍ ഒരു മണിക്കൂര്‍ നേരം നടപ്പാക്കിയ വാഹന രഹിത റോഡിനെ വാഹന രഹിത പട്ടണമെന്ന വിധത്തിലേക്ക് വ്യാപിപ്പിക്കും, കള്‍ച്ചറല്‍ സിറ്റിയാക്കുന്നതിന്‍െറ ഭാഗമായി സെമിനാറുകള്‍ സംവാദങ്ങള്‍, ബോധവത്കരണ ക്ളാസുകള്‍, തുടങ്ങിയവ സംഘടിപ്പിക്കും, വിദ്യാര്‍ഥികള്‍, ഡ്രൈവര്‍മാര്‍, കാല്‍നടയാത്രക്കാര്‍ തുടങ്ങി ശുചീകരണ തൊഴിലാളികളും പങ്കാളികളാകുന്ന ക്ളാസുകളും ട്രോമാകെയര്‍ പരിശീലനം തുടങ്ങിയവയും പ്രഖ്യാപിച്ചിരുന്നു. ഇതിന് മുമ്പാണ് അപകടങ്ങളും, കണ്ടക്ടറുടെ മരണമുള്‍പ്പെടെ സംഭവിച്ച ശക്തന്‍ സ്റ്റാന്‍ഡില്‍ അടിയന്തര പരിഷ്കാരമെന്ന പ്രഖ്യാപനത്തിനപ്പുറം ഒന്നുമുണ്ടായില്ല. എല്ലാം ബന്ധപ്പെട്ടവര്‍ മറന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.