ജില്ല സഹ. ബാങ്ക് പണയത്തട്ടിപ്പ് : അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും

കൊടുങ്ങല്ലൂര്‍: ജില്ലാ സഹകരണ ബാങ്കിന്‍െറ കൊടുങ്ങല്ലൂര്‍ ശാഖയില്‍ നടന്ന 5.19 കോടിയുടെ സ്വര്‍ണ പണയത്തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും. ക്രമസമാധാനവുമായി ബന്ധപ്പെട്ടതടക്കം നിരവധികേസുകളുമായി നെട്ടോട്ടമോടുന്ന കൊടുങ്ങല്ലൂര്‍ പൊലീസിന് ഫലപ്രദമായി അന്വേഷിക്കേണ്ട ബാങ്ക് തട്ടിപ്പ് വേണ്ടവിധം മുന്നോട്ടുകൊണ്ടുപോകുക പ്രയാസകരമായിരിക്കുമെന്നതിനാലാണ് അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. ക്രൈംബ്രാഞ്ചിന്‍െറ സാമ്പത്തിക കുറ്റകൃത്യ വിഭാഗമായിരിക്കും അന്വേഷിക്കുക. 124 ഇടപാടുകള്‍ വഴിയാണ് മുന്‍ ശാഖ മാനേജര്‍ ജാന്‍സമ്മ 5.19 കോടി രൂപ തട്ടിയെടുത്തത്. എത്ര പേരെ ഉപയോഗപ്പെടുത്തിയാണ് ഈ ഇടപാടുകള്‍ നടത്തിയതെന്ന് വ്യക്തമായിട്ടില്ല. ബാങ്കുമായി ബന്ധപ്പെടുന്ന കുടുംബശ്രീ അംഗങ്ങള്‍, സ്വയം സഹായ സംഘം അംഗങ്ങള്‍, ബന്ധുക്കള്‍ എന്നിവര്‍ മുഖേനയാണ് സ്വര്‍ണ വായ്പ തട്ടിപ്പ് നടത്തിയിട്ടുള്ളതെന്ന് പൊലീസ് സംശയിക്കുന്നു. സ്വര്‍ണത്തിന്‍െറ ശരിയായ മൂല്യത്തെക്കാള്‍ നാലും അഞ്ചും ഇരട്ടിവരെ കൂടുതല്‍ കാണിച്ച് പണം എടുത്തിട്ടുണ്ട്. എട്ട് കിലോ സ്വര്‍ണം 22 കിലോഗ്രാമാക്കി രേഖയുണ്ടാക്കിയത് ബാങ്ക് അധികൃതരുടെ അന്വേഷണത്തില്‍ കണ്ടത്തെിയിട്ടുണ്ട്. ഇതൊന്നും തട്ടിപ്പ് കേസില്‍ പ്രതിയായ ബ്രാഞ്ച് മുന്‍ മാനേജര്‍ ജാന്‍സമ്മയുടെ പേരിലല്ല. ചില ജീവനക്കാരുടെ പക്കല്‍ നിന്നും സ്വര്‍ണം വാങ്ങി പണയം വെച്ച് പണം തട്ടിയതായും പറയപ്പെടുന്നു. സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാര്‍ക്ക് തട്ടിപ്പുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. അക്കൗണ്ടന്‍റ് സുജാത, ക്ളര്‍ക്ക് കം കാഷ്യര്‍മാരായ ആനന്ദന്‍, അനില്‍കുമാര്‍, സ്വപ്നരാജ്, പ്രിയ, സണ്ണി എന്നിവരെയാണ് ബാങ്ക് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ജാന്‍സമ്മ പ്രമോഷന്‍ ഉപേക്ഷിച്ച് കൊടുങ്ങല്ലൂര്‍ ബ്രാഞ്ചില്‍ തന്നെ തുടരുകയായിരുന്നു. ഇവര്‍ ഒളിവിലാണ്. ജാന്‍സമ്മയുടെ പറവൂര്‍ മന്നത്തെ വീട് അടച്ചിട്ട നിലയിലാണ്. അന്വേഷണത്തിന്‍െറ ഭാഗമായി പൊലീസ് കൊടുങ്ങല്ലൂര്‍ കിഴക്കേനടയിലെ ബ്രാഞ്ചില്‍ ബുധനാഴ്ച പ്രാഥമിക പരിശോധന നടത്തി. നാലുവര്‍ഷമായി കൊടുങ്ങല്ലൂര്‍ ബ്രാഞ്ചില്‍ സേവനമനുഷ്ഠിക്കുന്ന ഇവര്‍ മുമ്പും ഇത്തരം ഇടപാടുകള്‍ നടത്തിയിരുന്നതായി സംശയിക്കുന്നുണ്ട്. അവ യഥാസമയം ക്ളിയര്‍ ചെയ്തിരുന്നുവത്രേ. സ്വകാര്യ പണമിടപാടിന് ഈ പണം മറിച്ചിരുന്നതായും സംശയിക്കുന്നുണ്ട്. ഇവര്‍ ജോലി ചെയ്ത മറ്റ് ബ്രാഞ്ചുകളിലും സമാനമായ ഇടപാടുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് ബാങ്കുതല അന്വേഷണം നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.