മേല്‍പാല അട്ടിമറിക്കെതിരെ ഇന്ന് സി.പി.എം ധര്‍ണ

ഗുരുവായൂര്‍: ഗുരുവായൂര്‍ റെയില്‍വേ മേല്‍പാല നിര്‍മാണത്തിലെ മുഖ്യമന്ത്രിയുടെ വഞ്ചനാപരമായ നിലപാടിനെതിരെയും ഗുരുവായൂര്‍ - തിരുനാവായ പാത അട്ടിമറിക്കുന്നതിനെതിരെയും സി.പി.എം സമരത്തിന്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് സി.പി.എം മുനിസിപ്പല്‍ കമ്മിറ്റി നേതൃത്വത്തില്‍ കിഴക്കേ നടയില്‍ സായാഹ്ന ധര്‍ണ നടത്തും. മേല്‍പാലം സര്‍ക്കാര്‍ ചെലവില്‍ നിര്‍മിക്കുമെന്ന് ജനസമ്പര്‍ക്ക യജ്ഞത്തില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രി പിന്നീട് ഗുരുവായൂരില്‍ ദേവസ്വം പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ നിലപാട് മാറ്റുകയുണ്ടായി. പെട്രോള്‍ സെസിന്‍െറ വരുമാനം ഉപയോഗിച്ച് നിര്‍മിക്കുമെന്ന് പറഞ്ഞിരുന്ന മേല്‍പാലം ഗുരുവായൂര്‍ ദേവസ്വത്തിന്‍െറ വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഏതെങ്കിലും ഏജന്‍സിയുടെ സഹായമില്ളെങ്കില്‍ ടോളില്ലാതെ പാലം നിര്‍മിക്കാനാവില്ളെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ നിലപാടുമാറ്റം ജനങ്ങളോടുള്ള വഞ്ചനയാണെന്ന് സി.പി.എം കുറ്റപ്പെടുത്തി. തിരുനാവായ പാതക്കായി ആരംഭിച്ച ലാന്‍ഡ് അക്വിസിഷന്‍ ഓഫിസും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിട്ടുണ്ട്. സര്‍വേ നടപടികള്‍ നടത്തുന്നതിനായി അനുവദിച്ചിരുന്ന 2.5 കോടി രൂപ സര്‍ക്കാര്‍ തിരിച്ചുപിടിച്ച് കോട്ടയത്തെ കുറുപ്പുതുറ - ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന് കൈമാറുകയും ചെയ്തു. വര്‍ഷങ്ങളായുള്ള ഗുരുവായൂര്‍ ജനതയുടെയും തീര്‍ഥാടകരുടെയും ആവശ്യമായ മേല്‍പാലവും ഗുരുവായൂരില്‍നിന്നും വടക്കോട്ടുള്ള റെയില്‍പാതയും അട്ടിമറിച്ച സംസ്ഥാന സര്‍ക്കാറിന്‍െറയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും വഞ്ചനക്കെതിരെയുമാണ് സി.പി.എം മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി സി. സുമേഷ് അറിയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണ്‍ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ കെ.വി.അബ്ദുല്‍ ഖാദര്‍, ബാബു എം. പാലിശേരി, ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ് എന്നിവര്‍ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.