തൃശൂര്‍: ജില്ലയെ ഭീതിയിലാഴ്ത്തി കൊലപാതക പരമ്പര തുടരുമ്പോള്‍ പൊലീസ് നിഷ്ക്രിയത്വത്തിനെതിരെ സേനയിലും കോണ്‍ഗ്രസിലും കടുത്ത അമര്‍ഷം. ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി. ഹനീഫ വധിക്കപ്പെട്ട് ഒരുമാസം തികയും മുമ്പാണ് വെള്ളിക്കുളങ്ങരയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ അഭിലാഷിന്‍െറ കൊലപാതകം. രണ്ട് സംഭവത്തിലും ഇന്‍റലിജന്‍സ് മുന്നറിയിപ്പ് ഉണ്ടായിരുന്നതാണ്. ജീവന് ഭീഷണിയുണ്ടെന്ന ഇരുവരുടെയും പരാതികള്‍ പൊലീസ് അവഗണിച്ചു. എട്ടുമാസത്തിനിടെ ജില്ലയില്‍ നടന്നത് അഞ്ച് കൊലപാതകങ്ങളാണ്. പൊലീസ് നിഷ്ക്രിയത്വം ഗുണ്ടാ-ക്രിമിനല്‍ സംഘങ്ങള്‍ക്ക് വളരാന്‍ അവസരമായെന്നും സര്‍ക്കാറിന് അവമതിപ്പുണ്ടാക്കുന്നുവെന്നുമാണ് കോണ്‍ഗ്രസിന്‍െറ ആക്ഷേപം. ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും കാണിച്ച് ഹനീഫ നല്‍കിയ പരാതി അവഗണിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് ഒ.അബ്ദുറഹ്മാന്‍കുട്ടി ആവശ്യപ്പെട്ടു. പൊലീസിന്‍െറ ജാഗ്രതക്കുറവാണ് ഹനീഫയും അഭിലാഷും വധിക്കപ്പെടാന്‍ കാരണമെന്ന് ഡി.സി.സി.ജനറല്‍ സെക്രട്ടറിയും എ ഗ്രൂപ്പ് നേതാവുമായ ജോണ്‍ ഡാനിയേല്‍ കുറ്റപ്പെടുത്തി. രണ്ട് സംഭവത്തിലും നാട്ടുകാരാണ് പ്രതികളെ പിടികൂടിയത്. ഗുണ്ടാ-ക്രിമിനല്‍ സംഘങ്ങളോടുള്ള പൊലീസിന്‍െറ മൃദുസമീപനം ആശങ്കാജനകമാണെന്നും ജോണ്‍ ഡാനിയേല്‍ പറഞ്ഞു. ഭരണമുന്നണിക്ക് ആധിപത്യമുള്ള പൊലീസ് അസോസിയേഷനിലും അമര്‍ഷമുണ്ട്. ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാതെ ഗുണ്ടാ-ക്രിമിനല്‍ സംഘങ്ങളെ ഒതുക്കാന്‍ മുമ്പ് കമീഷണറായിരുന്ന പി. പ്രകാശിന് കഴിഞ്ഞിരുന്നു. കെ.എസ്.യു മാര്‍ച്ചിനെ നേരിട്ട പ്രകാശിനെ സ്ഥലം മാറ്റിയ ശേഷം ജേക്കബ് ജോബ് കമീഷണറായി എത്തുകയും ഐ ഗ്രൂപ്പിന്‍െറ നിയന്ത്രണത്തിലേക്ക് പൊലീസ് മാറുകയും ചെയ്തു. ഇതോടെയാണ് ജില്ലയിലെ പൊലീസ് കുത്തഴിഞ്ഞതെന്ന് എ ഗ്രൂപ്പും സേനയിലെ ഒരു വിഭാഗവും ആരോപിക്കുന്നു. ക്രമസമാധാന തകര്‍ച്ച സംബന്ധിച്ച് മുന്നറിയിപ്പുള്ളപ്പോഴാണ് ക്വോട്ട നിശ്ചയിച്ച് പൊലീസിനെ വഴിയോര പിരിവിന് നിയോഗിച്ചത്. 2013ല്‍ അയ്യന്തോളില്‍ ഗ്രൂപ്പ് വൈരത്തത്തെുടര്‍ന്ന് മധു ഈച്ചരത്ത്, ലാല്‍ജി കൊള്ളന്നൂര്‍ എന്നിവര്‍ കൊല്ലപ്പെട്ടതിനത്തെുടര്‍ന്ന് ജില്ലയില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തെങ്കിലും പൊലീസ് അവഗണിച്ചു. ദേശമംഗലം പള്ളത്ത് കഴിഞ്ഞ 23ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിന്‍െറ തുടര്‍ച്ചയായി സംഘര്‍ഷത്തിനും രാഷ്ട്രീയ കൊലപാതകത്തിനും സാധ്യതയുണ്ടെന്ന് വടക്കാഞ്ചേരി പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പൊലീസിന്‍െറ നിഷ്ക്രിയത്വം മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അറിയിക്കാനാണ് എ ഗ്രൂപ്പ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.