ജനകീയ ഇടപെടലുകള്‍ക്ക് വിനോദ സഞ്ചാരം വികസിപ്പിക്കാനാകും –മന്ത്രി

കുന്നംകുളം: ജനകീയ ഇടപെടലുകള്‍ വഴി തദ്ദേശീയമായ വിനോദ സഞ്ചാര സൗകര്യങ്ങള്‍ സംസ്ഥാനത്ത് വികസിപ്പിക്കാന്‍ കഴിയുമെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. അനുബന്ധ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലൂടെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാരവകുപ്പ് കുന്നംകുളത്ത് നിര്‍മിക്കുന്ന ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ സെന്‍ററിന്‍െറ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ചരിത്ര സ്മാരകങ്ങളും മന്ദിരങ്ങളും ക്ഷേത്രങ്ങളും ആരാധനാലയങ്ങളുമുള്ള കുന്നംകുളത്ത് 49 ലക്ഷം ചെലവഴിച്ചാണ് സെന്‍റര്‍ സ്ഥാപിക്കുന്നത്. ജില്ലാ വിനോദ സഞ്ചാര പ്രമോഷന്‍ കൗണ്‍സില്‍ തയാറാക്കിയ പദ്ധതിക്ക് നഗരസഭ 15 സെന്‍റ് സ്ഥലം വിട്ടുനല്‍കി. രണ്ട് നിലകളിലായി തീര്‍ക്കുന്ന കെട്ടിടത്തിന് 1820 ചതുരശ്ര അടി വിസ്തീര്‍ണം ഉണ്ടാകും. ഇന്‍ഫര്‍മേഷന്‍ സെന്‍ററിന് പുറമെ സുവനീര്‍ ഷോപ്പ്, കഫെ ടീരിയ, ബാത്തുറൂമുകള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ സജ്ജീകരിച്ചതായി മന്ത്രി പറഞ്ഞു. ജില്ലാ നിര്‍മിതി കേന്ദ്രം പണിയുന്ന കെട്ടിടം ഫെബ്രുവരിക്കുള്ളില്‍ ടൂറിസം വകുപ്പിന് കൈമാറുമെന്ന് പ്രോജക്ട് മാനേജര്‍ എം.എം. ബോസ്കോ അറിയിച്ചു. ബാബു എം. പാലിശേരി എം.എല്‍.എ അധ്യക്ഷനായി. ആസൂത്രണ ബോര്‍ഡ് അംഗം സി.പി. ജോണ്‍, നഗരസഭ ചെയര്‍മാന്‍ സി.കെ. അനന്തകൃഷ്ണന്‍, സാറാമ്മ മാത്തപ്പന്‍, കണ്‍വീനര്‍ സി.കെ. രവി, കൗണ്‍സിലര്‍മാരായ ജയസിങ് കൃഷ്ണന്‍, വേണു ഏറത്ത്, എം.കെ. ശിവദാസന്‍, ഇ.വി. ജോണി, എം.എം. ഉസ്മാന്‍, ജിമ്മി ഐപ്പൂര്, സെര്‍ബി ചീരന്‍, വി.എസ്. കമലോത്ഭവന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.