ഓണാഘോഷം അതിരുവിട്ടു; പൊലീസുകാര്‍ തമ്മില്‍ത്തല്ലി

തൃശൂര്‍: ഉത്രാടനാളില്‍ പൊലീസുകാരും കുടുംബാംഗങ്ങളും പങ്കെടുത്ത ഓണസദ്യയിലും ആഘോഷത്തിലും തര്‍ക്കവും തമ്മില്‍ത്തല്ലും. സംഭവത്തെക്കുറിച്ച് കമീഷണര്‍ കെ.ജി. സൈമണ്‍ സിറ്റി സ്പെഷല്‍ ബ്രാഞ്ചിനോട് അടിയന്തര റിപ്പോര്‍ട്ട് തേടി. പൊലീസ് ക്വാര്‍ട്ടേഴ്സിലായിരുന്നു ആഘോഷം. ഓണസദ്യ ഉണ്ട് പിരിയാന്‍ നേരം ഓരോരുത്തരും വീട്ടിലേക്കായി വിഭവങ്ങള്‍ വാങ്ങി. സദ്യയില്‍ പങ്കെടുത്ത എസ്.ഐ ഓണസദ്യയുടെ ചുമതലയുണ്ടായിരുന്ന പൊലീസ് സ്റ്റോര്‍ കീപ്പര്‍ കൂടിയായ സിവില്‍ പൊലീസ് ഓഫിസറോട് വീട്ടിലേക്ക് കൊണ്ടുപോകാന്‍ സാമ്പാര്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം തുടങ്ങിയത്. സാമ്പാര്‍ ചോദിച്ച എസ്.ഐയെ കളിയാക്കിയതോടൊപ്പം മദ്യപിച്ച് ലക്കുകെട്ട മറ്റൊരു സി.പി.ഒ കരണത്തടിക്കുകയും ചെയ്തു. ഇവര്‍ പരസ്പരം ഉന്തും തള്ളുമായപ്പോള്‍ ട്രാഫിക് സ്റ്റേഷന്‍ എസ്.ഐ ഇടപെട്ടു. ഇദ്ദേഹത്തിനും കിട്ടി കീഴുദ്യോഗസ്ഥരുടെ മര്‍ദനം. ഇതോടെ പരിപാടി അലങ്കോലപ്പെടുകയും ചേരി തിരിഞ്ഞ് കൈയാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. പൊലീസുകാരുടെ മക്കളത്തെിയാണ് ഇവരെ പിടിച്ചുമാറ്റിയത്. ഓണസദ്യക്കായി ഒരാളില്‍ നിന്ന് 750 രൂപ വീതം പിരിവെടുത്തിരുന്നു. ഇതിലെ ക്രമക്കേട് മൂടിവെക്കാനുള്ള തന്ത്രമായിരുന്നു സി.പി.ഒമാരുടെ കടന്നുകയറ്റമെന്ന് ഓണസദ്യയില്‍ പങ്കെടുത്തവര്‍ പറയുന്നു. പൊലീസുകാരും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 200 ഓളം പേരാണ് ഓണസദ്യയില്‍ പങ്കെടുത്തതത്. സ്റ്റോര്‍ കീപ്പര്‍ കൂടിയായ സി.പി.ഒ നേരത്തെ പടിഞ്ഞാറെ കോട്ടയില്‍ ഹോംഗാര്‍ഡിനെ മര്‍ദിച്ച സംഭവത്തില്‍ സസ്പെന്‍ഷന്‍ നടപടി നേരിട്ടയാളാണ്. തിരുവോണനാളില്‍ നടന്ന വയര്‍ലെസ് മീറ്റിങ്ങില്‍ സംഭവത്തെ കമീഷണര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇതിനിടെ അസോസിയേഷന്‍ നേതാക്കള്‍ ഇടപെട്ട് സംഭവം ഒതുക്കാനും ശ്രമമുണ്ട്. മര്‍ദനമേറ്റ ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റം ആവശ്യപ്പെട്ട് കമീഷണര്‍ക്ക് അപേക്ഷ നല്‍കിയതായും അറിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.