തൃശൂര്‍: പുലിക്കളിക്ക് സാംസ്കാരിക നഗരി ഒരുങ്ങുന്നു. ഇത്തവണ സാമ്പത്തിക പരാധീനത ഒരളവോളം മാറുമെന്നാണ് പ്രതീക്ഷ. പുലിക്കളി സംഘങ്ങള്‍ക്ക് രണ്ട് വര്‍ഷമായി മുടങ്ങിക്കിടന്ന വിനോദസഞ്ചാര വകുപ്പിന്‍െറ കുടിശ്ശികയോടൊപ്പം കോര്‍പറേഷന്‍െറ വര്‍ധിപ്പിച്ച വിഹിതവും അനുവദിച്ചതോടെ സംഘങ്ങള്‍ ആവേശത്തിലാണ്. 31നാണ് പുലിക്കളി. ബുധനാഴ്ച കൊടിയേറും. കടബാധ്യത മൂലം ടീമുകളില്‍ പലതും ഇത്തവണ പിന്മാറാന്‍ ഒരുങ്ങുമ്പോഴാണ് വിനോദസഞ്ചാര വകുപ്പ് കുടിശ്ശിക അനുവദിച്ചത്. കോര്‍പറേഷന്‍െറ സഹായം ഒരു ലക്ഷമായി ഉയര്‍ത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ആറ് ടീമുകളായിരുന്നു. ഇത്തവണ ഇതുവരെ എട്ട് ടീമുകള്‍ രജിസ്റ്റര്‍ ചെയ്തതായി മേയര്‍ രാജന്‍ ജെ. പല്ലന്‍ അറിയിച്ചു. കോര്‍പറേഷന്‍ ഏറ്റെടുത്ത ശേഷമുള്ള രണ്ടാമത്തെ പുലിക്കളിയാണിത്. പൂത്തോള്‍, കോട്ടപ്പുറം സെന്‍റര്‍, കോട്ടപ്പുറം ദേശം, പൂങ്കുന്നം സെന്‍റര്‍, മൈലിപ്പാടം, പടിഞ്ഞാറേകോട്ട, നായ്ക്കനാല്‍, ചേറൂര്‍ ടീമുകളാണ് രജിസ്റ്റര്‍ ചെയ്തത്. കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന പുലിക്കളി നിര്‍വാഹക സമിതി യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ടീമുകള്‍ക്ക് ടൂറിസം വകുപ്പിന്‍െറ സഹായധനം മേയര്‍ കൈമാറി. അഞ്ച് ലക്ഷമാണ് വകുപ്പ് അനുവദിച്ചത്. ഇതില്‍നിന്ന് അരലക്ഷം വീതമാണ് ടീമുകള്‍ക്ക് നല്‍കിയത്. ഈവര്‍ഷം പങ്കെടുക്കുന്ന ടീമുകള്‍ക്ക് കൊടിക്കൂറയും മേയര്‍ കൈമാറി. ഒന്നാംസ്ഥാനത്തിന് 35000, രണ്ടാം സ്ഥാനം 25000, മൂന്നാം സ്ഥാനം 20000, നിശ്ചല ദൃശ്യത്തിന് 30000, 25000, 20000 എന്നിങ്ങനെ കാഷ് അവാര്‍ഡ് നല്‍കും. അച്ചടക്കമുള്ള ടീമിന് 10,000 രൂപ പ്രോത്സാഹന സമ്മാനവുമുണ്ട്. പത്തു വര്‍ഷം തുടര്‍ച്ചയായി പുലിക്കളി വേഷം കെട്ടിയവരെയും മികച്ച മെയ്യെഴുത്ത് കലാകാരനെയും മേളപ്രമാണിയെയും ഓണാഘോഷ പരിപാടികളില്‍ ആദരിക്കും. വിദേശികളടക്കം വിനോദസഞ്ചാരികള്‍ക്ക് ഇരുന്ന് പുലിക്കളി കാണാന്‍ നടുവിലാലില്‍ സൗകര്യം ഒരുക്കും. പുലിക്കളി സംഘങ്ങള്‍ക്ക് കോര്‍പറേഷന്‍ വിഹിതമായ ഒരു ലക്ഷത്തില്‍ 60,000 മുന്‍കൂര്‍ നല്‍കാനും തീരുമാനമായി. പുലിക്കളി കൊടിയേറ്റം കോര്‍പറേഷന്‍ ഓഫിസിന് മുന്നിലാണ്. മുന്‍ വര്‍ഷങ്ങളില്‍ നടുവിലാലിലായിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പതിന് മേയര്‍ കൊടിയേറ്റം നിര്‍വഹിക്കും. നിര്‍വാഹക സമിതി യോഗത്തില്‍ പുലിക്കളി മഹോത്സവം ജനറല്‍ കണ്‍വീനര്‍ സി.എസ്. ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. മേയര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ പി.വി. സരോജിനി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഗിരീഷ്കുമാര്‍, പ്രതിപക്ഷ അംഗം പി.എ. പുരുഷോത്തമന്‍, കൗണ്‍സിലര്‍മാരായ പുല്ലാട്ട് സരളാദേവി, ബൈജു വര്‍ഗീസ്, ലിനി ഹാപ്പി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.