കടവല്ലൂര്‍ പഞ്ചായത്ത് ഹര്‍ത്താല്‍ സമാധാനപരം

പെരുമ്പിലാവ്: കോണ്‍ഗ്രസ് കടവല്ലൂര്‍ മണ്ഡലം പ്രസിഡന്‍റ് കെ. വിശ്വംഭരന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരം. കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു. പല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരത്തെ അവധി നല്‍കിയിരുന്നു. കടവല്ലൂര്‍ പഞ്ചായത്ത് ഓഫിസ്, വില്ളേജ്, കൃഷിഭവന്‍, കെ.എസ്.ഇ.ബി ഓഫിസ് എന്നിവ തുറന്ന് പ്രവര്‍ത്തിച്ചു. ഹിയറിങ് നടക്കുന്നതിനാല്‍ പഞ്ചായത്ത് ഓഫിസില്‍ പ്രവര്‍ത്തനം സാധാരണ നിലയിലായിരുന്നു. ഹര്‍ത്താല്‍ വാഹനങ്ങളെ ബാധിച്ചില്ല. കോണ്‍ഗ്രസ് നേതാക്കളെ ആക്രമിച്ച സംഭവത്തില്‍ 22 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. സി.പി.എം പ്രവര്‍ത്തകരായ ദീപേഷ്, സന്ദീപ്, മണികണ്ഠന്‍, ആദര്‍ശ്, നിഖില്‍, ആകാശ്, സഫല്‍, സതീഷ്, സുബീഷ്, നസീര്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 10 പേര്‍ക്കുമെതിരെയാണ് കേസെടുത്തത്. മണ്ഡലം പ്രസിഡന്‍റ് കെ. വിശ്വംഭരന്‍, വിഘ്നേശ്വര പ്രസാദ്, മഹേഷ്, രഘുനാഥ് എന്നിവരെയാണ് ആല്‍ത്തറയില്‍ ഞായറാഴ്ച വൈകീട്ട് ഏഴോടെ മര്‍ദിച്ചത്. സി.പി.എം മഹിളാ നേതാവിനെ കളിയാക്കിയത് സംബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രഘുനാഥിനെതിരെ പരാതി ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് -സി.പി.എം വിദ്വേഷം നിലനില്‍ക്കുന്നതിനിടെയാണ് മര്‍ദനം. മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ പെരുമ്പിലാവില്‍ നിന്ന് തിപ്പിലശേരിയിലേക്ക് പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗം യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രദേശത്ത് ഡി.വൈ.എസ്.പി ടോമി സെബാസ്റ്റ്യന്‍, സി.ഐ വി.എ. കൃഷ്ണദാസ്, എസ്.ഐ എ. നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.