അക്രമം; കാതോലിക്കേറ്റ് കോളജിൽ തെരഞ്ഞെടുപ്പ് അലങ്കോലപ്പെട്ടു; ഇന്ന് കെ.എസ്.യുവിൻെറ വിദ്യാഭ്യാസ ബന്ദ് പത്തന ംതിട്ട: എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷത്തെ തുടർന്ന് കാതോലിക്കേറ്റ് കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് അലങ്കോലപ്പെട്ടു. ജനറൽ വിഭാഗത്തിലേക്ക് തെരഞ്ഞെടുപ്പ് നടന്നില്ല. സർവകലാശാലയിൽനിന്നുള്ള നിർദേശത്തെ തുടർന്ന് തെരഞ്ഞെടുപ്പ് നടപടി നിർത്തിെവച്ചതായി കോളജ് അധികൃതർ അറിയിച്ചു. തങ്ങളുടെ പ്രവർത്തകരെ എസ്.എഫ്.ഐക്കാർ മർദിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു വ്യാഴാഴ്ച ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സംഘർഷത്തിലേർപ്പെട്ട ഇരു വിഭാഗം വിദ്യാർഥികളെയും പൊലീസ് ലാത്തിവീശി ഒാടിച്ചു. ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഘർഷമുണ്ടായത്. രാവിലെ നടന്ന ക്ലാസ് പ്രതിനിധികളുടെ തെരഞ്ഞെടുപ്പിൽ കെ.എസ്.യു ഭൂരിപക്ഷം നേടിയിരുന്നു. ആകെയുള്ള 126 സീറ്റിൽ കെ.എസ്.യു 66 നേടി. എസ്.എഫ്.എക്ക് -51, എ.ബി.വി.പി-എട്ട്, എ.ഐ.ഡി.എസ്.ഒ-ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ക്ലാസ് പ്രതിനിധികളിൽനിന്ന് ജനറൽ വിഭാഗത്തിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഉച്ചക്ക് രണ്ടുവരെയായിരുന്നു. ഇൗ സമയം കെ.എസ്.യു സ്ഥാനാർഥികൾ പത്രിക നൽകിയിരുന്നു. സമയം കഴിഞ്ഞ് പത്രിക നൽകാനായി എസ്.എഫ്.ഐ പ്രവർത്തകർ എത്തിയപ്പോൾ കെ.എസ്.യുക്കാർ എതിർത്തതോടെയാണ് സംഘർഷമുണ്ടായത്. കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡൻറ് സജാസ് മുഹമ്മദ്, എസ്.എഫ്.ഐ ഏരിയ പ്രസിഡൻറ് ആശിഷ് എന്നിവർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. കോളജ് ഗേറ്റിനുമുന്നിലും ജങ്ഷന് സമീപത്തും സംഘർഷത്തിലേർപ്പെട്ട വിദ്യാർഥികളെ പൊലീസ് വിരട്ടിയോടിക്കുകയായിരുന്നു. ജനറൽ സീറ്റുകളിലും പരാജയം ഉറപ്പായ എസ്.എഫ്.ഐക്കാർ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് കെ.എസ്.യു ജില്ല പ്രസിഡൻറ് അൻസാർ മുഹമ്മദ് കുറ്റപ്പെടുത്തി. ജനറൽ വിഭാഗത്തിലേക്ക് തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻസാർ മുഹമ്മദ് പറഞ്ഞു. സംഘർഷത്തിലേർപ്പെട്ട വിദ്യാർഥികൾക്കെതിരെ കേസെടുക്കുമെന്ന് പത്തനംതിട്ട സി.ഐ ന്യൂമാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.