ബി. രേഷ്മ
കോന്നി: അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എൽ.ഡി.എഫിലെ രേഷ്മ മറിയം റോയ് പടിയിറങ്ങുമ്പോൾ പേര് മാറുന്നില്ലെന്നത് കൗതുകമായി. യു.ഡി.എഫ് സ്ഥാനാർഥിയായി നെല്ലിക്കപ്പാറയിൽ നിന്ന് മത്സരിച്ചുജയിച്ച ബി. രേഷ്മ പുതിയ പഞ്ചായത്ത് ഭരണ സമിതിയിൽ പ്രസിഡന്റാകും. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇത്തവണ പട്ടികജാതി വനിത സംവരണമായതോടെയാണ് ബി. രേഷ്മക്ക് അവസരം ലഭിച്ചത്. യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ച പഞ്ചായത്തിലെ ഏക പട്ടികജാതി വനിതയും രേഷ്മയാണ്.
എൽ.ഡി.എഫ് മൂന്ന് വാർഡിൽ പട്ടികജാതി വനിതകളെ മത്സരിപ്പിച്ചിരുന്നു. എന്നാൽ യു.ഡി.എഫ് സംവരണവാർഡിൽ ഒരാളെ മാത്രമാണ് മത്സരിപ്പിച്ചിരുന്നത്. പ്രസിഡന്റ് പദവിയിലേക്കെത്തുന്ന 27കാരി രേഷ്മ എം.കോം അവസാന വർഷ വിദ്യാർഥിനി കൂടിയാണ്. പരീക്ഷക്ക് തയ്യാറെടുക്കുന്ന സമയത്താണ് തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ചുവിജയിക്കുന്നത്.
അരുവാപ്പുലം പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് കൊക്കാത്തോട് നിന്ന് ഒരാൾ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് രേഷ്മ മറിയം റോയ് ഭരിച്ചിരുന്ന പഞ്ചായത്ത് എന്ന നിലയിൽ കഴിഞ്ഞ തവണയും ശ്രദ്ധിക്കപ്പെട്ട പഞ്ചായത്താണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.