പത്തനംതിട്ട: ജില്ലയിൽ കോവിഡ് കൂടുതൽ പടരുമ്പോൾ പഞ്ചായത്ത് ജീവനക്കാരെ വട്ടം ചുറ്റിക്കുകയാണ് വിവിധ ജനപ്രതിനിധികൾ. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് വോട്ടർ പട്ടികയിൽ പേര് ചേർക്കാനും മറ്റു വിവിധങ്ങളായ ആവശ്യങ്ങൾക്കും പൊതുജനങ്ങളെ ഓഫിസിൽ വിളിച്ചുവരുത്തി സേവനം നൽകുന്നതായി വരുത്തിത്തീർത്ത് വോട്ട് നേടാൻ ശ്രമിക്കുകയാണ് ചില പഞ്ചായത്ത് പ്രസിഡൻറുമാരും വാർഡ് അംഗങ്ങളും. കോവിഡ് പടരുമ്പോൾ കെട്ടിടനിർമാണം, നമ്പറിങ്, മറ്റു വിവിധങ്ങളായ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാകുമെന്നിരിക്കെ ഉദ്യോഗസ്ഥരുടെ എതിർപ്പ് അവഗണിച്ച് ഓഫിസിനുള്ളിൽ കയറിയിറങ്ങാൻ ജനപ്രതിനിധികൾ പൊതുജനങ്ങളെ നിർബന്ധിക്കുകയാണ്. കോവിഡ് സുരക്ഷ മാനദണ്ഡങ്ങളും ജനപ്രതിനിധികൾ ഉൾപ്പെടെ പലരും പാലിക്കുന്നില്ല. കോവിഡ് സ്ഥിരീകരിച്ച പഞ്ചായത്തിലെ ജീവനക്കാർക്ക് ക്വാറൻറീൻപോലും അനുവദിക്കാതെ ജോലി ചെയ്യിക്കുന്നതിൽ ജീവനക്കാർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ആശങ്ക അറിയിച്ചിട്ടും ഫലമില്ലാത്ത സ്ഥിതിയാണ്. നിലവിൽ ഹോട്സ്പോട്ട് മേഖലകളിൽനിന്ന് വന്നുതാമസിക്കുന്ന ആളുകൾ നിരീക്ഷണത്തിലിരിക്കെ വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ കയറിയിറങ്ങുന്നതും ഭീഷണിയാകുന്നു. ഇവരെ തിരിച്ചറിയാൻ സംവിധാനമില്ലെന്നിരിക്കെ ജീവനക്കാർ ഭയപ്പാടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.