പത്തനംതിട്ട: മെഡിക്കൽ കോളജിൽ മാത്രം ലഭിക്കുന്ന പക്ഷാഘാത ചികിത്സ സൗകര്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും ലഭിക്കുമെന്ന് ഡി.എം.ഒ ഡോ. സോഫിയ ബാനു അറിയിച്ചു. പക്ഷാഘാത ലക്ഷണങ്ങൾ ആരംഭിച്ച് നാലു മണിക്കൂറിനകം വിദഗ്ധ ചികിത്സ ലഭ്യമായാൽ മാത്രമേ ആഘാതത്തിെൻറ തോത് കുറക്കാനോ പൂർണമായി ഒഴിവാക്കാനോ സാധിക്കൂ. സ്വകാര്യ ആശുപതികളിൽ 80,000 രൂപ മുതൽ ഒന്നരലക്ഷം രൂപവരെ ചെലവുവരുന്ന ചികിത്സയാണിത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആരംഭിച്ച ചികിത്സാ സൗകര്യം പാവപ്പെട്ട രോഗികൾക്ക് അനുഗ്രഹമാണ്. സർക്കാർ ആരോഗ്യമേഖലയിൽ എറണാകുളം ജനറൽ ആശുപത്രിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആശുപത്രിയാണ് ഇവിടുത്തേത്. ഉടലിെൻറ ഒരുവശം തളർന്ന നിലയിൽ കഴിഞ്ഞ ഒന്നിന് ജനറൽ ആശുപത്രിയിലെത്തിച്ച മലയാലപ്പുഴ സ്വദേശി ഗോവിന്ദപ്പിള്ളയുടെ പക്ഷാഘാത രോഗാവസ്ഥ കുറക്കാൻ പക്ഷാഘാത സ്റ്റെബിലൈസേഷൻ യൂനിറ്റിലൂടെ ന്യൂറോളജിസ്റ്റ് ഡോ.സ്റ്റാൻലി ജോർജിനു സാധിച്ചതായി ഡി.എം.ഒ അറിയിച്ചു. ജില്ല മെഡിക്കൽ ഓഫിസർ നേതൃത്വം നൽകുന്ന ടീമാണ് പക്ഷാഘാത ചികിത്സാ സംവിധാനം നിയന്ത്രിക്കുന്നത്. നവകേരള മിഷെൻറ ഭാഗമായ ആർദ്രം ദൗത്യത്തിലൂടെ മികച്ച സൗകര്യം ഏർപ്പെടുത്തുന്നതിനാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ന്യൂറോളജി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ സ്േട്രാക് സ്റ്റെബിലൈസേഷൻ യൂനിറ്റ് ആരംഭിച്ചത്. ശബരിമല തീർഥാടനത്തിെൻറ പ്രാധാന്യം കണക്കിലെടുത്ത് ആധുനിക ഹൃദ്രോഗ ചികിത്സ ലഭ്യമാക്കുന്നതിന് കാത്ത് ലാബ്, കാർഡിയാക് ഐ.സി.യു എന്നിവയും ഉടൻ സജ്ജീകരിക്കുമെന്ന് ഡി.എം.ഒ ഡോ. സോഫിയ ബാനു, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. എബി സുഷൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.