പന്തളം: കരിങ്ങാലിപ്പാടത്തെ തോടുകൾക്ക് ആഴംകൂട്ടുകയും ബണ്ടും ചീപ്പും പണിയുകയും ചെയ്താൽ ഇവിടം വീണ്ടും പച്ച പുതക്കുമെന്ന് പാടശേഖര സമിതി ഭാരവാഹികൾ. ഇങ്ങനെ ചെയ്താൽ പാടത്തിെൻറ ഭാഗമായ നെല്ലിക്കൽ, ഈയാംകോട്, കരികുറ്റിക്കൽ, വാളകത്തിനാൽ, ചിറമുടി പാടശേഖരങ്ങളെ കൃഷിയോഗ്യമാക്കാനാവും. കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിനു നൽകിയ നിവേദനത്തിലും കർഷകർ ഇതു പറയുന്നുണ്ട്. 20 കൊല്ലമായി തരിശുകിടക്കുന്ന 130 ഏക്കർ പാടമാണ് ഇത്. പരമ്പരാഗത രീതികളിൽനിന്നകന്നുള്ള കൃഷിയാണ് കരിങ്ങാലി പാടശേഖരത്തിൽ നടന്നുവന്നിരുന്നത്. പാടത്തിെൻറ നടുവിലൂടെ കടന്നുപോകുന്ന കരിങ്ങാലി വലിയതോടും അതിെൻറ ഇരുപതോളം കൈവഴികളും പാടത്തിനു മുഴുവൻ വെള്ളം നൽകിയിരുന്നു. മഴക്കാലമായാൽ പാടത്ത് കെട്ടിനിൽക്കുന്ന വെള്ളം അച്ചൻകോവിലാറ്റിലേക്ക് തുറന്നുവിട്ട് കളയുന്നതും വലിയ തോടു വഴിതന്നെയായിരുന്നു. യന്ത്രങ്ങളും മോട്ടോറുകളും കരിങ്ങാലിയിൽ എത്തും മുമ്പ് തേക്കുപാളയുപയോഗിച്ചും കൃഷിചെയ്തിരുന്നു. അന്ന് ലഭിച്ചിരുന്നത് നൂറുമേനി വിളവായിരുന്നു. വലിയതോടും കൈവഴികളും ചളിയും പുൽക്കാടും മൂടി ഉപയോഗശൂന്യമായതോടെ കരിങ്ങാലിപ്പാടം തരിശിലേക്കുനീങ്ങി. തൊഴിലാളികളുടെ കുറവും കൃഷിയിലെ നഷ്ടവും കാരണം ഓരോ വർഷവും കൂടുതൽ പാടങ്ങൾ തരിശായി തുടങ്ങി. പലതവണ കരിങ്ങാലിയിലെ വികസനത്തിനു പദ്ധതികളിട്ടെങ്കിലും ഇതൊക്കെ കർഷകരുടെ ആവശ്യം അനുസരിച്ചുള്ളവയല്ലായിരുന്നു. കർഷക സമിതികൾ വിളിച്ചു ചേർത്ത് ആവശ്യമനുസരിച്ചു തന്നെ പദ്ധതികൾ തയാറാക്കാനാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുള്ളത്. നെല്ലിക്കൽ, ഈയാംകോട്, കരിങ്കുറ്റിക്കൽ, വാളകത്തിനാൽ, ചിറമുടി പാടശേഖരങ്ങളിലെ കർഷകർ നെല്ലിയ്ക്കൽ ബണ്ടും ചീപ്പും പണിയണമെന്നും കീപ്ലി ചാൽ ആഴംകൂട്ടി പുറംബണ്ട് ബലപ്പെടുത്തണമെന്നും മന്ത്രിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 40 ലക്ഷം രൂപ ചെലവാകുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.