പന്തളം: ഒരു സുരക്ഷിതത്വവുമില്ലാതെ കടലിക്കുന്നിൽ ഒരു കുടിവെള്ള പദ്ധതി. കുളനട പഞ്ചായത്തിലേക്കായി 2013ൽ ആരംഭിച്ച പദ്ധതിയാണ് കടലിക്കുന്ന്. രാവിലെ എട്ടു മുതൽ വൈകുന്നേരം നാലുവരെയാണ് പമ്പ് ഹൗസ് പ്രവർത്തനം. ഈ സമയം കഴിഞ്ഞാൽ പദ്ധതി പ്രദേശത്ത് ഒരുവിധ സുരക്ഷിതത്വവുമില്ല. വിജനമായ സ്ഥലത്താണ് ജലസംഭരണി സ്ഥിതി ചെയ്യുന്നത്. ചുറ്റുമതിലുണ്ടെന്ന് പേരിന് പറയാമെങ്കിലും സംഭരണിയുടെ പുറകുവശത്തുകൂടി ഏതുസമയത്തും ആർക്കും പ്രവേശിക്കാം. ഒരു പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾ കുടിവെള്ളമായി ഉപയോഗിക്കുന്ന ജലം വിതരണം ചെയ്യുന്ന കേന്ദ്രം സാമൂഹിക വിരുദ്ധരുെടയും മദ്യപരുെടയും കേന്ദ്രമാണ്. രാത്രി വാച്ചർമാരെ നിയോഗിക്കണമെന്നും ജലസംഭരണിയുടെ മുകൾവശത്ത് മൂടി സ്ഥാപിക്കണമെന്നുള്ള ആവശ്യം നിരവധി തവണ ഉയർന്നെങ്കിലും അധികൃതർ മുഖം തിരിക്കുകയാണ്. ചുറ്റുമതിൽ ഉയരം കൂട്ടി സുരക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യത്തിനും പ്രതികരണമില്ല. അച്ചൻകോവിലാറ്റിൽ കോണത്തുമൂലയിൽ പ്രത്യേക കിണർ നിർമിച്ചാണ് വെള്ളം പമ്പ് ചെയ്ത് എത്തിക്കുന്നത്. പമ്പ് ഹൗസിൽ 90 എച്ച്.പിയുടെ മോട്ടോറാണ് ഉപയോഗിക്കുന്നത്. എട്ടു ലക്ഷം ലിറ്റർ ജലം കടലിക്കുന്നിൽ സംഭരിക്കാം. പദ്ധതി ആരംഭിക്കുന്ന ഘട്ടത്തിൽ ഉപഭോക്താക്കൾ കുറവായിരുന്നു. ഇതിനാൽ 20 എച്ച്.പി വീതം ശക്തിയുള്ള രണ്ട് മോട്ടോർ ഉപയോഗിച്ചാണ് ജല ശുദ്ധീകരണം നടത്തുന്നത്. എന്നാൽ, ഈ രണ്ട് മോട്ടോർ മാത്രം പ്രവൃത്തിച്ചാൽ ഇപ്പോൾ ആവശ്യത്തിെൻറ പകുതിപോലും ജലം ശുദ്ധീകരിക്കാൻ കഴിയുന്നില്ല. ബ്ലീച്ചിങ് പൗഡർ മാത്രമാണ് ശുദ്ധീകരണത്തിനായി ഉപയോഗിക്കുന്നത്. മുമ്പ് ക്ലോറിൻ ഉപയോഗിച്ചിരുന്നെങ്കിൽ ഇപ്പോൾ അതിെൻറ ലഭ്യതക്കുറവുമൂലം ഉപയോഗിക്കുന്നില്ല. പകരം ശുദ്ധീകരണ പ്ലാൻറിൽ ബ്ലീച്ചിങ് പൗഡർ ഇടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ദിവസങ്ങളോളം ജലവിതരണം മുടങ്ങിയിട്ടും അധികൃതർക്ക് അനക്കമില്ല. പദ്ധതി ആരംഭിച്ച കാലം മുതൽ ജനറേറ്റർ സ്ഥാപിക്കണമെന്ന ആവശ്യമുണ്ട്. ഇതിനും പദ്ധതിയില്ല. തുടർച്ചയായ ദിവസങ്ങളിൽ മുടങ്ങുന്നതുമൂലം പമ്പ് ചെയ്യുന്ന ദിവസങ്ങളിൽ ജലം ടാങ്കിൽ സംഭരിക്കാൻ കഴിയുന്നില്ല. ഉപഭോക്താക്കളുടെ എണ്ണം കൂടിയതനുസരിച്ച് സംഭരണശേഷി വർധിപ്പിക്കണമെന്ന ആവശ്യവും ജലരേഖയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.