പത്തനംതിട്ട: ഭവന നിർമാണത്തിനും കന്നുകാലികളെ വാങ്ങാനും ധനസഹായം അനുവദിക്കുന്നതിന് ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കും പാലിക്കുന്നത് പദ്ധതികളുടെ ഉദ്ദേശ്യശുദ്ധിയെതന്നെ ചോദ്യംചെയ്യുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗം കെ. മോഹൻകുമാർ. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിെൻറ 2014^-15, 2015^-16 വർഷത്തെ പട്ടിക ജാതി വിദ്യാർഥികൾക്ക് നൽകുന്ന ലാപ്ടോപ് പദ്ധതി പ്രകാരം നിയമവിദ്യാർഥിയായ തനിക്ക് നൽകിയില്ലെന്ന് ആരോപിച്ച് കടമ്മനിട്ട സ്വദേശി മിഥുൻ എസ്. കരുൺ സമർപ്പിച്ച പരാതിയിലാണ് നടപടി. സഹോദരന് ആനുകൂല്യം അനുവദിച്ചതു കാരണമാണ് തനിക്ക് ലാപ്ടോപ് അനുവദിക്കാത്തതെന്ന് പരാതിയിൽ പറയുന്നു. പ്രശ്നത്തിൽ കമീഷൻ ജില്ല പട്ടികജാതി വികസന ഓഫിസറുടെ വിശദീകരണം തേടിയിരുന്നു. സബ്സിഡി മാനദണ്ഡങ്ങൾ പ്രകാരം ഓരേ പദ്ധതിയുടെ ആനുകൂല്യം ഒരു വീട്ടിലെ രണ്ടുപേർക്ക് നൽകാൻ കഴിയില്ലെന്നായിരുന്നു വകുപ്പിെൻറ നിലപാട്. എന്നാൽ, വ്യക്തിവൈരാഗ്യം കാരണമാണ് തനിക്ക് ലാപ്ടോപ് നൽകാത്തതെന്നും പട്ടിക ജാതി ഫണ്ട് ബ്ലോക്ക് ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് പത്രവാർത്തകൾ തെളിവായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. പഠന ആനുകൂല്യങ്ങൾ ഒരു വീട്ടിലെ രണ്ടുപേർക്ക് നൽകരുതെന്ന് സർക്കാർ നിഷ്കർഷിച്ചിട്ടില്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. ലക്ഷങ്ങൾ വിതരണം ചെയ്യുന്ന വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിൽപോലും ഇത്തരം മാനദണ്ഡങ്ങൾ ഇല്ലെന്നും കമീഷൻ ചൂണ്ടിക്കാട്ടി. അർഹരെ കണ്ടെത്താൻ കഴിയാത്തതിനാൽ ഒമ്പത് ലാപ്ടോപ്പുകൾ ഉപയോഗമില്ലാതിരിക്കുകയാണെന്ന പത്രവാർത്തയും പരാതിക്കാരൻ ഹാജരാക്കി. ഇത്തരം സന്ദർഭങ്ങളിൽ ഉദ്യോഗസ്ഥർ വിവേചനാധികാരം പ്രയോഗിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. വിഭവങ്ങൾ പാഴാക്കാതെ അർഹരിലേക്ക് എത്തുമ്പോഴാണ് നവോത്ഥാന ലക്ഷ്യങ്ങളോട് നീതി പുലർത്താൻ കഴിയുന്നത്. നിലവിൽ വിതരണം ചെയ്യാൻ ലാപ്ടോപ്പുകൾ ഉണ്ടെങ്കിൽ ഒരെണ്ണം പരാതിക്കാരന് നൽകണമെന്നും കമീഷൻ ജില്ല പട്ടിക ജാതി വികസന ഓഫിസർക്കും ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നിർേദശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.