പത്തനംതിട്ട: കലക്ടറും സംഘവും എത്തിയപ്പോള്‍ ഓമല്ലൂര്‍ മഞ്ഞിനിക്കര ഷേബ ഭവനില്‍ ഷൈലയും കുടുംബവും അമ്പരന്നു. താന്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ശയ്യാവലംബിയായ സഹോദരന്‍െറ ആധാര്‍ കാര്‍ഡുമായാണ് കലക്ടര്‍ വീട്ടിലത്തെിയതെന്ന് മനസ്സിലായപ്പോള്‍ അമ്പരപ്പ് സന്തോഷത്തിന് വഴിമാറി. ആധാര്‍ കാര്‍ഡുമായി കലക്ടര്‍ നേരിട്ടത്തെിയ വിവരം അറിഞ്ഞ് വാര്‍ഡ് അംഗമായ കെ. അമ്പിളിയും ഷൈലയുടെ അയല്‍ക്കാരും ഓടിയത്തെി. ഷൈലയുടെ സഹോദരനായ ജോണ്‍ ഒരുവയസ്സ് മുതല്‍ പോളിയോ ബാധിച്ച് കൈകാലുകള്‍ തളര്‍ന്നുകഴിഞ്ഞ 45 വര്‍ഷമായി ശയ്യാവലംബിയാണ്. ജോണിന് ഒരു വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. പിന്നീട് മാതാവിനും മറ്റു സഹോദരങ്ങള്‍ക്കുമൊപ്പം തിരുവനന്തപുരം നെടുമങ്ങാട്ടുള്ള വീട്ടിലായിരുന്നു താമസം. 15 വര്‍ഷം മുമ്പ് മാതാവിന് സുഖമില്ലാതെ വന്നതോടെ ജോണിനെ ഷൈലയും ഭര്‍ത്താവ് ആന്‍റണിയും കൂടി ഓമല്ലൂരിലെ തങ്ങളുടെ വീട്ടിലത്തെിച്ച് സംരക്ഷിച്ചുവരികയായിരുന്നു. ഒരുവര്‍ഷം മുമ്പ് മാതാവും മരിച്ചതോടെ ജോണിന്‍െറ ആശ്രയം സഹോദരിയും കുടുംബവും മാത്രമായി. സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെ വര്‍ഷങ്ങളായി വികലാംഗ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരുന്ന ജോണിന് വികലാംഗ പെന്‍ഷന്‍ മുടങ്ങി. തൊഴിലുറപ്പു പദ്ധതിയിന്‍കീഴില്‍ ജോലി ചെയ്യുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഷൈലക്കും കുടുംബത്തിനും സഹോദരന്‍െറ പെന്‍ഷന്‍ തുടര്‍ന്നും ലഭിക്കുന്നതിന് എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയില്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അപേക്ഷയുമായി ഷൈല കലക്ടറെ നേരില്‍ക്കണ്ടു. ഉടന്‍തന്നെ ആധാര്‍ എന്‍റോള്‍മെന്‍റ് നടത്തുന്നതിന് അക്ഷയ അധികാരികള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ പത്തനംതിട്ട കണ്ണങ്കരയിലുള്ള അക്ഷയ കേന്ദ്രത്തില്‍നിന്ന് ഷൈലയുടെ വീട്ടിലത്തെി ജോണിന്‍െറ എന്‍റോള്‍മെന്‍റ് നടത്തി. ഇതിലൂടെ ലഭിച്ച ഇ-ആധാര്‍ കാര്‍ഡുമായാണ് കലക്ടര്‍ ഷൈലയുടെ വീട്ടിലത്തെിയത്. ഇ-ആധാര്‍ ജോണിന് നേരിട്ട് കൈമാറിയ കലക്ടര്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് അടിയന്തരമായി പെന്‍ഷന്‍ പുന$സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുള്ള സാഹചര്യത്തില്‍ ശയ്യാവലംബരായ ആളുകള്‍ക്ക് അവരുടെ വീടുകളിലത്തെി ആധാര്‍ എന്‍റോള്‍മെന്‍റ് നടത്തുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ആധാര്‍ എന്‍റോള്‍മെന്‍റിനായി 27 അക്ഷയ കേന്ദ്രങ്ങളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ശയ്യാവലംബരായ ആളുകള്‍ക്ക് ആധാര്‍ എന്‍റോള്‍മെന്‍റ് നടത്തുന്നതിനുള്ള ചെലവ് അതാത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഹിക്കും. പൂര്‍ണമായും കിടപ്പിലായവര്‍ക്ക് മാത്രമേ ഈ സേവനം ലഭിക്കൂ. ആധാര്‍ ഇല്ലാത്തതുമൂലം സാമൂഹികസുരക്ഷാ പെന്‍ഷന്‍ മുടങ്ങിയിട്ടുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് സമീപമുള്ള അക്ഷയുടെ ജില്ല ഓഫിസുമായി (ഫോണ്‍: 0468 2322708) ബന്ധപ്പെട്ടാല്‍ അത്തരത്തിലുള്ളവരുടെ വീടുകളില്‍ നേരിട്ടത്തെി ആധാര്‍ എന്‍റോള്‍മെന്‍റ് നടത്തുന്നതിനുള്ള സൗകര്യം ലഭിക്കും. അക്ഷയ ജില്ല പ്രോജക്ട് മാനേജര്‍ കെ. ധനേഷും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.