മ​ല്ല​പ്പ​ള്ളി ഇ​നി കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ൽ

മല്ലപ്പള്ളി: മല്ലപ്പള്ളി കവലയും പരിസരവും ഇനി പൂർണസമയ കാമറ നിരീക്ഷണത്തിൽ. ഗ്രാമപഞ്ചായത്ത് 7.5 ലക്ഷം രൂപ വകയിരുത്തി ഒമ്പതു സി.സി ടി.വി കാമറകൾ സ്ഥാപിച്ചു. ഏഴ് ഹൈഡെഫനിഷൻ ബുള്ളറ്റ് കാമറകളും രണ്ട് കറങ്ങുന്ന കാമറകളുമാണ് സ്ഥാപിച്ചത്. സി.ഐ ഓഫിസ് ജങ്ഷൻ, സെൻട്രൽ ജങ്ഷൻ, വലിയപാലം, ബസ് സ്റ്റാൻഡിനു ഉൾവശം, ആനിക്കാട് റോഡ്, ട്രാഫിക് ഐലൻഡ്, കോട്ടയം റോഡ് എന്നിവിടങ്ങളിൽ ഇരുമ്പ് പോസ്റ്റുകളിലാണ് കാമറകൾ സ്ഥാപിച്ചത്. കേബിളുകൾ ഘടിപ്പിക്കുന്ന പണികളും പൂർത്തിയായി. അക്രമങ്ങളും മറ്റ് സാമൂഹിക വിരുദ്ധ ശല്യങ്ങളും കൂടിവരുന്ന പശ്ചാത്തലത്തിൽ സുരക്ഷ കണക്കിലെടുത്താണ് കാമറ സ്ഥാപിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തതെന്ന് പ്രസിഡൻറ് റെജി ശാമുവേൽ പറഞ്ഞു. ആഭ്യന്തര വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, വൈദ്യുതി വകുപ്പ്, തദ്ദേശ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്ത് സ്വന്തം നിലയിൽ നടപ്പാക്കുന്ന തെക്കൻ കേരളത്തിലെ ആദ്യത്തെ പദ്ധതിയാണ്. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗം തയാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് 2016--17 വർഷത്തെ പദ്ധതിയിലൂടെ ജില്ല പ്ലാനിങ് കമീഷെൻറ അനുമതി വാങ്ങി ഇ-ടെൻഡർ നടപടിയിലൂടെ അങ്കമാലി ആസ്ഥാനമായ കമ്പനിയാണ് കാമറകൾ സ്ഥാപിക്കുന്നത്. വലിയപാലം മുതൽ കോട്ടയം റോഡ് വരെയും പഞ്ചായത്ത് ജങ്ഷൻ മുതൽ ആനിക്കാട് റോഡ് വരെയും ബസ് സ്റ്റാൻഡിന് ഉൾവശവും ഇനി 24 മണിക്കൂറും കാമറ നിരീക്ഷണത്തിലാകും. രാത്രിയിലും പകലും ഒരുപോലെ പ്രവർത്തിക്കുന്ന കാമറകളിൽനിന്ന് ലഭിക്കുന്ന ദൃശ്യങ്ങൾ സി.ഐ ഓഫിസിൽ പ്രവർത്തിക്കുന്ന മോണിറ്ററിങ് വിഭാഗത്തിനു തൽസമയം ലഭിക്കും. വയർലെസ് സംവിധാനത്തിലൂടെ കീഴ്വായ്പ്പൂര് പൊലീസ് സ്റ്റേഷനിലും സ്റ്റേഷൻ ഹൗസ് ഓഫിസറുടെ മൊബൈൽ ഫോണിലും ചിത്രങ്ങൾ ലഭിക്കും. അനധികൃത പാർക്കിങ്, ഗതാഗത തടസ്സം, വാഹനാപകടം, മോഷണം, ഗതാഗത നിയമങ്ങൾ പാലിക്കാതിരിക്കുക, ബസ് സ്റ്റാൻഡിൽ സമയം പാലിക്കാതിരിക്കുക തുടങ്ങിയവക്കും സാമൂഹിക വിരുദ്ധ ശല്യം, പൂവാല ശല്യം ഉൾപ്പെടെയുള്ളവക്കും ശാശ്വതപരിഹാരമാകും. മറ്റ് സ്ഥലങ്ങളിൽനിന്ന് മല്ലപ്പള്ളി വഴി പോകുന്ന വാഹനങ്ങളുടെയും വ്യക്തമായ ചിത്രങ്ങൾ ലഭിക്കുന്നതുമൂലം ക്രമസമാധാനത്തിന് ഏറെ സഹായകരമാകുമെന്ന് സി.ഐ കെ. സലീമും എസ്.ഐ ബി. രമേശനും പറഞ്ഞു. നിയമപാലകർക്ക് ഇനി കാമറക്കണ്ണിലൂടെ ലഭിക്കുന്ന ഡിജിറ്റൽ ചിത്രങ്ങൾ തെളിവായി എടുക്കാമെന്നതിനാൽ തർക്കങ്ങൾ ഉടലെടുക്കാനുള്ള സാധ്യതയും ഇല്ലാതാകും. അടുത്തദിവസം ട്രയൽ റൺ ആരംഭിക്കുന്ന കാമറദൃശ്യങ്ങൾ ഓരോമാസവും റെക്കോഡ് ചെയ്ത് സൂക്ഷിക്കും. അഞ്ചു വർഷത്തേക്ക് കരാറുകാരൻ നേരിട്ട് അറ്റകുറ്റപ്പണി നടത്തുന്നതിനുമാണ് ധാരണ. ഒരു മാസത്തെ ട്രയൽ റണ്ണിനു ശേഷം നിരീക്ഷണ കാമറ ശ്യംഖല പൊലീസിനു കൈമാറും. സംസ്ഥാനത്ത് ഗ്രാമപഞ്ചായത്ത് നേരിട്ട് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കുന്ന ആദ്യത്തെ പദ്ധതിയാണിതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റെജി ശാമുവേലും സെക്രട്ടറി എ. സദാശിവൻപിള്ളയും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.