നഗരസഭാ ഭരണം അനിശ്ചിതത്വത്തില്‍

പന്തളം: പന്തളം നഗരസഭാ ഭരണം പിടിപ്പുകേടിന്‍െറയും കെടുകാര്യസ്ഥതയുടെയും പര്യായമായി മാറുമെന്ന് കോണ്‍ഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഏറെ പ്രതീക്ഷയോടെ പന്തളത്തെ ജനം കാത്തിരുന്ന നഗരസഭ യാഥാര്‍ഥ്യമായിട്ട് നൂറാം ദിനത്തിലേക്കടുക്കുകയാണ്. ഭരണസമിതിയുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയും മൂലം നഗരസഭാ കൗണ്‍സില്‍ തീരുമാനമെടുത്ത ഒരു കാര്യംപോലും നടപ്പാക്കാന്‍ ഭരണസമിതിക്കായിട്ടില്ല. ശബരിമല തീര്‍ഥാടന പദ്ധതിയില്‍ പന്തളം നഗരസഭക്ക് അനുവദിച്ച 20 ലക്ഷം രൂപ പൂര്‍ണമായി ചെലവഴിക്കാന്‍ ഭരണസമിതിക്കായില്ല. ചെലവഴിച്ചതില്‍ തന്നെ അവ്യക്തത നിലനില്‍ക്കുന്നു. പന്തളം ടൗണില്‍ മാത്രമല്ല നഗരസഭയിലെ എല്ലാ വാര്‍ഡുകളിലെയും തെരുവുവിളക്കുകള്‍ പ്രവര്‍ത്തിക്കാതായിട്ട് മാസങ്ങള്‍ കഴിഞ്ഞു. കൗണ്‍സില്‍ ചേരുന്ന എല്ലാ ദിവസങ്ങളിലും തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ തീരുമാനമെടുക്കുമെങ്കിലും പരിഹാരമായിട്ടില്ല. കെ.ഐ.പി കനാല്‍ തുറന്നു വിടാത്തതിനാല്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുകയാണ്. ഇതില്‍ പന്തളം നഗരസഭയുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നല്‍കിയ നിവേദനത്തിന്‍െറ അടിസ്ഥാനത്തില്‍ 150 പൊതുടാപ്പുകളും ചില പ്രദേശങ്ങളില്‍ പൈപ്പ് ലൈന്‍ എക്സ്റ്റന്‍ഷന്‍ നടത്താനും വാട്ടര്‍ അതോറിറ്റി തീരുമാനമെടുത്തിട്ടുണ്ട്. കുടിവെള്ളക്ഷാമം അനുഭവിക്കുന്ന എല്ലാ പ്രദേശങ്ങളിലും വെള്ളമത്തെിക്കാന്‍ അടിയന്തര നടപടി വേണം. പന്തളം മാര്‍ക്കറ്റിലുള്ള മാലിന്യസംസ്കരണ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനാല്‍ നഗരം ദുര്‍ഗന്ധത്തിലാണ്. നഗരസഭയുടെ അധീനതയിലുള്ള ഭൂമി കൈയേറ്റം ഒഴിപ്പിക്കണം. അളന്നു തിട്ടപ്പെടുത്തിയ ഭൂമി ഏറ്റെടുക്കാന്‍ ഭരണസമിതി തീരുമാനിച്ചെങ്കിലും നേതൃത്വം വിമുഖത കാട്ടുകയാണ്. പന്തളത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള വ്യക്തിഗത ആനുകൂല്യങ്ങള്‍ മാര്‍ച്ച് 30ന് മുമ്പ് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണസമിതിയുടെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്‍റ് കെ.ആര്‍. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സോളമന്‍ വരവുകാലായില്‍, പരിയാരത്ത് ഗോപിനാഥന്‍ നായര്‍, കുട്ടപ്പന്‍ നായര്‍, വി.എം. അലക്സാണ്ടര്‍, രത്നമണി സുരേന്ദ്രന്‍, കൗണ്‍സിലര്‍മാരായ ആനിജോണ്‍, പന്തളം മഹേഷ്, സുനിത വേണു, മഞ്ജു വിശ്വനാഥ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.