അടൂർ: ജനത്തിെൻറ കൈയിൽ പണമില്ല. ക്രിസ്മസ് വിപണി മന്ദഗതിയിൽ. 500, 1000 നോട്ടുകൾ അസാധുവാക്കിയതിനു പിന്നാലെ എത്തുന്ന ക്രിസ്മസ്–പുതുവർഷം സാധാരണക്കാർക്ക് നിറം മങ്ങിയതായേക്കും. നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനു പോലും പിശുക്കുകാട്ടേണ്ട അവസ്ഥയിൽ പുതുവസ്ത്രങ്ങളും ആഭരണങ്ങളും മറ്റും പുതുവർഷം പ്രമാണിച്ചു വാങ്ങുന്നത് മിക്കവരും ഉപേക്ഷിക്കുകയാണ്. അടൂരിലെ പ്രമുഖ ടെക്സ്റ്റൈയിൽ കടകളിൽ വിലക്കിഴിവ് വിൽപന തുടങ്ങിയിട്ടും മുൻ വർഷങ്ങളെ അപേക്ഷിച്ച് നാലിലൊന്നു വിൽപനയേ നടക്കുന്നുള്ളു. വിവാഹ ആവശ്യങ്ങൾക്കു മാത്രമാണ് കൂടുതൽ ഇനങ്ങൾ വിൽപന നടക്കുന്നത്. ചെറിയ കടകൾക്കാകട്ടെ വിൽപന നന്നേ കുറഞ്ഞു. എല്ലായിടത്തും ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം വസൂലാക്കുന്ന യന്ത്രവുമില്ല. ജ്വല്ലറികളുടെ നിലയും പരിതാപകരമാണ്. സ്വർണാഭരണങ്ങൾ വാങ്ങി സൂക്ഷിക്കുന്ന പതിവ് നിലച്ചു. പലചരക്ക്, പച്ചക്കറി കടകളിൽ മാത്രമാണ് വ്യാപാരം നടക്കുന്നത്. ഇതും മുമ്പത്തെപ്പോലെ സജീവമല്ല താനും. അടൂരിലെ ചില പെട്രോൾ ഔട്ട്ലെറ്റുകളിൽ പുതിയ 2000 രൂപ നൽകിയാൽ ചില്ലറ ലഭിക്കില്ല. 2000 രൂപ നൽകുന്നവർ 1600 രൂപയുടെ പെട്രോളോ ഡീസലോ നിറക്കണം എന്ന് നിഷ്കർഷിക്കുന്ന ബോർഡുകൾ പെട്രോൾ പമ്പുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ബാങ്കുകളോടു ചേർന്നു പ്രവർത്തിക്കുന്ന എ.ടി.എമ്മുകളിൽ മാത്രമാണ് ഇപ്പോഴും പണം ലഭിക്കുന്നത്. ഇതും ചുരുങ്ങിയ സമയത്തേക്കു മാത്രം. 2000 രൂപ ലഭിച്ചാൽ ഒന്നിനും തികയാതെ ജനം നട്ടംതിരിയുമ്പോൾ നോട്ടിെൻറയും ചില്ലറയുടെയും അപര്യാപ്തത കാരണം ഭക്ഷണശാലകൾ ഉൾപ്പെടെയുള്ള വ്യാപാരശാലകൾ ആഴ്ചകളായി പലയിടത്തും പൂട്ടിയിട്ടിരിക്കുകയാണ്. ബാങ്കുകളിലും ആവശ്യത്തിനു പണമെത്തുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.