ശബരിമല: സന്നിധാനത്ത് ദർശനത്തിന് എത്തിയവർ 30 ലക്ഷം കവിഞ്ഞു. ഡിസംബർ 25 വരെ 30,01,532 പേരാണ് ദർശനം നടത്തിയത്. കഴിഞ്ഞ സീസണിൽ ഡിസംബർ 23ന് തന്നെ തീർഥാടകരുടെ എണ്ണം 30 ലക്ഷം പിന്നിട്ടിരുന്നു (30,78,044 പേർ.). 2024 ഡിസംബർ 25 വരെ 32,49,756 പേരാണു ദർശനം നടത്തിയത്. 2023ൽ ഡിസംബർ 25 വരെ 28.42 ലക്ഷം ഭക്തരാണ് എത്തിയത്.
ഈ വർഷം സീസൺ തുടക്കത്തിൽ തന്നെ ഭഅഭൂതപൂർവമായ തിരക്കിനെ തുടർന്ന് ഹൈകോടതി നിർദേശപ്രകാരം വിർച്വൽ ക്യൂവിലും സ്പോട്ട് ബുക്കിങ്ങിലും കർശന നിയന്ത്രണം പാലിച്ചിരുന്നു. ഇക്കുറി ഏറ്റവും കൂടുതൽ ആളുകൾ ദർശനത്തിനെത്തിയത് നട തുറന്നു നാലുദിവസം പിന്നിട്ട നവംബർ 19നാണ്; 1,02,299 പേർ. ഏറ്റവും കുറവ് പേർ എത്തിയത് ഡിസംബർ 12നും; 49,738. മുൻവർഷങ്ങളെ അപേക്ഷിച്ച് അവധിദിവസമായ ഞായറാഴ്ചകളിൽ തിരക്ക് കുറവായിരുന്നു.
ഈ ഞായറാഴ്ച (ഡിസംബർ 21) 61,576 പേരാണ് എത്തിയത്. ബാക്കി ദിവസങ്ങളിൽ എൺപതിനായിരത്തിനു മുകളിൽ ഭക്തരെത്തി. തിങ്കൾ-85847, ചൊവ്വ,-83845, ബുധൻ-85388, വ്യാഴം-89729. മണ്ഡലപൂജയോട് അനുബന്ധിച്ചു വെള്ളി, ശനി ദിവസങ്ങളിൽ വിർച്വൽ ക്യൂ വഴി ഭക്തരെ അനുവദിക്കുന്നതു യഥാക്രമം 30000, 35000 ആയി ചുരുക്കി. സ്പോട്ട്ബുക്കിങ് 2000 ആയും നിജപ്പെടുത്തി. തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ടു വെള്ളിയാഴ്ച രാവിലെ മുതൽ പമ്പയിൽനിന്നു ഭക്തരെ കടത്തിവിടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാവിലെ ഒൻപതു വരെയുള്ള കണക്കനുസരിച്ച് 22, 039 പേർ ദർശനം നടത്തി.
മകരവിളക്ക് തീര്‍ഥാടനം സുരക്ഷിതമാക്കും- മന്ത്രി വാസവന്
ശബരിമല: മകരവിളക്ക് തീര്‍ഥാടനം സുഗമവും സുരക്ഷിതവുമായി നടത്തുമെന്ന് മന്ത്രി വി. എന്‍. വാസവന്. മകരവിളക്ക് മുന്നൊരുക്കം വിലയിരുത്താന്‍ പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പരാതികള്‍ക്കിടവരുത്താതെ മണ്ഡലകാലം അവസാനിക്കുകയാണ്. 33,32,000 തീര്‍ഥാടകരാണ് ഡിസംബര്‍ 25 വരെ ശബരിമലയില്‍ എത്തിയത്. മകരവിളക്കിനും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ തീര്‍ഥാടകരെ പ്രതീക്ഷിക്കുന്നു. എല്ലാവര്ക്കും ദര്‍ശനം ഒരുക്കും. സ്പോട്ട് ബുക്കിങ് 5000 ആയി തുടരും.
മകരവിളക്ക് ദിവസം കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. വ്യൂ പോയിന്റുകളില്‍ സുരക്ഷാ വേലി സ്ഥാപിക്കും. ജില്ല കലക്ടറുടെ നേതൃത്വത്തില്‍ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തും. പൊലീസ്, ഫയര്‍ഫോഴ്സ്. വനം വകുപ്പുകളും പ്രത്യേക പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കും. മെഡിക്കല്‍ സംഘത്തിന്റെ സേവനം ഉണ്ടാകും. മകരജ്യോതി ദര്‍ശനത്തിനു തീര്‍ഥാടകര്‍ മരച്ചില്ലകളില്‍ കയറുന്നത് കര്‍ശനമായി തടയും.
മകരവിളക്കിന് എത്തുന്നവര്‍ നിര്‍മിക്കുന്ന പര്‍ണശാലയില്‍ പാചകം ചെയ്യുന്നത് അപകടമുണ്ടാക്കുമെന്നതിനാല്‍ ഭക്ഷണം എത്തിച്ച് നല്‍കും. മകരവിളക്ക് ദിവസം കഴിഞ്ഞ വര്‍ഷം കെ എസ് ആര് ടി സി 800 സര്‍വീസ് നടത്തി. ഇത്തവണ കൂടുതല്‍ ബസ് സജ്ജമാക്കും. വിപുലമായ പാര്‍ക്കിങ് സൗകര്യം ഉറപ്പാക്കും. തമിഴ്നാട്ടില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് കുമളിയില്‍ പാര്‍ക്കിങ് ഒരുക്കാന്‍ തമിഴ്നാട് വനംവകുപ്പിന്റെ സഹായം തേടും. കോട്ടയം, കോന്നി മെഡിക്കല്‍ കോളജുകളില്‍ തീര്‍ഥാടകര്‍ക്കായി പ്രത്യേകം സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്.
പന്തളം കൊട്ടാരത്തില്‍ നിന്നാരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര സംഘത്തിന് സുഗമ പാത ഒരുക്കും. പൊലീസ് സുരക്ഷ ഉറപ്പാക്കും. മെഡിക്കല്‍ സംഘം ഘോഷയാത്രയെ അനുഗമിക്കും. തിരുവാഭരണ സംഘത്തിന് ശുദ്ധമായ കുടിവെള്ളവും വിശ്രമ കേന്ദ്രങ്ങളില്‍ ആവശ്യസൗകര്യങ്ങളും ഉറപ്പാക്കും. പാതയില്‍ തടസ്സമായി നില്കുന്ന മരച്ചില്ലകള്‍ വനം വകുപ്പ് മുറിച്ചുമാറ്റും. മകരവിളക്കിന് ശേഷം സംഘത്തിന്റെ തിരികെയുള്ള യാത്രയില്‍ വന്യജീവി സംഘര്‍ഷം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും.
എരുമേലി പേട്ടതുള്ളലിന് കോട്ടയം ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ളാഹ സത്രത്തിലും പരിസരങ്ങളിലും പശ്ചാത്തല സൗകര്യം ഉറപ്പാക്കും. കാനനപാതയില്‍ പൊലീസ്, വനം വകുപ്പുകളുടെ സഹകരണത്തോടെ എക്സൈസ് കര്‍ശന പരിശോധന നടത്തും. ഡ്യൂട്ടിക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് താമസവും ഭക്ഷണവും കൃത്യമായി ഉറപ്പാക്കും. വിശുദ്ധി സേനാംഗങ്ങളുടെ വേതനം കൂട്ടി നൽകും. അരവണ പ്രസാദം ഉല്പാദനം വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.യു. ജനീഷ് കുമാര്‍ എം.എൽ.എ, ദേവസ്വം സെക്രട്ടറി എം. ജി. രാജമാണിക്യം, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാര്‍, അംഗങ്ങളായ കെ രാജു, പി. ഡി. സന്തോഷ് കുമാര്‍, ജില്ല കലക്ടര്‍ എസ്. പ്രേം കൃഷ്ണന്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ല പൊലീസ് മേധാവികളായ ആര്. ആനന്ദ്, എ. ഷാഹുല്‍ ഹമീദ്, എം.പി. മോഹനചന്ദ്രന്, ശബരിമല എ.ഡി.എം. അരുണ്‍ എസ്. നായര്‍, റാന്നി ഡിഎഫ്ഒ എന്‍. രാജേഷ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സന്ദീപ്, ദേവസ്വം കമീഷണര്‍ ബി. സുനില്‍ കുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.