കശുവണ്ടി തൊഴിലാളികള്‍ കൂലി കിട്ടാതെ പ്രതിസന്ധിയില്‍

പന്തളം: കറന്‍സി നിയന്ത്രണം രൂക്ഷമായതോടെ കശുവണ്ടി തൊഴിലാളികള്‍ കൂലി കിട്ടാതെ പ്രതിസന്ധിയില്‍. കഴിഞ്ഞ മൂന്നാഴ്ചയായി കൂലി ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് കശുവണ്ടി തൊഴിലാളികള്‍. നവംബര്‍ ആദ്യ ആഴ്ചമാത്രമാണ് തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചത്. ദൈനംദിന ചെലവുകള്‍ക്ക് മാര്‍ഗമില്ലാതെ ബുദ്ധിമുട്ടുകയാണ് തൊഴിലാളികള്‍. പൂര്‍ണമായും സ്ത്രീ തൊഴിലാളികള്‍ ജോലി ചെയ്യുന്ന കശുവണ്ടി മേഖലയില്‍ എല്ലാ ആഴ്ചയിലും ശനിയാഴ്ചയാണ് ശമ്പളം നല്‍കി വന്നിരുന്നത്. പീലിങ്, ഷെല്ലിങ്, ഗ്രേഡിങ് എന്നീ മൂന്നു വിഭാഗത്തിലായി 100 മുതല്‍ 500വരെ തൊഴിലാളികള്‍ മിക്ക കശുവണ്ടി ഫാക്ടറികളിലും ജോലി ചെയ്യുന്നത്. 1250 മുതല്‍ 2000 രൂപവരെ പീലിങ്, ഷെല്ലിങ് വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് ആഴ്ചതോറും വേതനമായി ലഭിച്ചിരുന്നു. 1500 മുതല്‍ 2250 വരെയായിരുന്നു ഗ്രേഡിങ് തൊഴിലാളികളുടെ ശമ്പളം. ശമ്പളം ലഭിക്കാത്തതോടൊപ്പം വരും ദിവസങ്ങളില്‍ തൊഴിലും നഷ്ടപ്പെടുന്ന അവസ്ഥയിലാണ് തൊഴിലാളികള്‍. മിക്ക കശുവണ്ടി ഫാക്ടറികളിലും തോട്ടണ്ടിയുടെ സ്റ്റോക് പരിമിതമാണ്. കറന്‍സി നിയന്ത്രണം നിലവില്‍ വന്നതോടെ ഫാക്ടറി ഉടമകള്‍ക്ക് തോട്ടണ്ടി സ്റ്റോക് എടുക്കാനും കഴിയുന്നില്ളെന്ന് മുതലാളിമാര്‍ പറയുന്നു. തൊഴിലാളികളുടെ വേതനവിതരണം പൂര്‍ണമായും ബാങ്ക് അക്കൗണ്ട് വഴിയാക്കാന്‍ നടപടികള്‍ ആരംഭിക്കാന്‍ നീക്കം നടക്കുകയാണ്. ആഴ്ചയില്‍ തുക പിന്‍വലിക്കുന്നതിനു നിയന്ത്രണമുള്ളതിനാല്‍ മുഴുവന്‍ തൊഴിലാളികള്‍ക്കും ശമ്പളം നല്‍കാനാവശ്യമായ തുക പിന്‍വലിക്കാന്‍ മുതലാളിമാര്‍ക്കും കഴിയില്ളെന്നാണ് വിവരം. ഇതും വരും ദിവസങ്ങളില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുള്ളതായി പറയുന്നു. തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ ഇടപെട്ട് ആഴ്ചയില്‍ അത്യാവശ്യ ചെലവിനു പണം നല്‍കാന്‍ നീക്കം നടത്തിയെങ്കിലും അതും ഈ ആഴ്ചയും നടപ്പായില്ല. ശമ്പളം മുടങ്ങിയതോടെ കശുവണ്ടി ഫാക്ടറികള്‍ കേന്ദ്രീകരിച്ചു വഴിയോര കച്ചവടം നടത്തിവന്നവരും കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ മൂന്നാഴ്ചയായി വ്യാപാരം നടക്കുന്നില്ളെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഉപജീവനമാര്‍ഗം വഴിമുട്ടിയ നിലയിലാണ് കശുവണ്ടി തൊഴിലാളികളും ഇവരെ ആശ്രയിച്ചു കഴിയുന്ന വ്യാപാരികളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.