അലനല്ലൂർ: പുളിയം തോടിലേക്ക് അഴുക്കുവെള്ളം ഒഴുക്കിവിട്ട് ജലം മലിനമാക്കിയെന്നാക്ഷേപം. എടത്തനാട്ടുകര പടിക്കപ്പാടം ചുണ്ടയിൽ പാറ കടവിന് സമീപം തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ചുണ്ടയിൽ പാറയിലുള്ള സ്വകാര്യ വ്യക്തിയുടെ കരിങ്കൽ ക്വാറിയിൽനിന്ന് മീൻ പിടിക്കുന്നതിെൻറ ഭാഗമായി രാവിലെ ക്വാറിയിൽനിന്ന് പുത്തേക്ക് ഒഴുക്കിയ വെള്ളമാണ് വൈകീട്ട് ആറോടെ തോട്ടിലേക്ക് എത്തിയത്. ചുണ്ടയിൽ പാറകടവ് മുതൽ അണ്ടിക്കുണ്ട് മണ്ണാർക്കുണ്ട് കടവ് വരെയുള്ള രണ്ട് കിലോമീറ്ററോളം ദൂരം മലിനജലം തോടിലൂടെ ഒഴുകി. കടുത്ത വരൾച്ച മൂലം തോട്ടിലുടനീളം കുടിവെള്ളത്തിനായി കുഴിച്ച കുഴികളിലെ വെള്ളം ദുർഗന്ധം മൂലം ഉപയോഗശൂന്യമായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെയുള്ള ഒന്ന്, രണ്ട്, മൂന്ന്, 23 എന്നീ വാർഡിലെ ജനങ്ങളുടെ പ്രധാന ആശ്രയമാണീ തോട്. വരൾച്ചമൂലം വറ്റി വരണ്ട തോടിലെ കുഴികളിലെ വെള്ളമാണ് ഇപ്പോൾ ഏക ആശ്രയം. അതും മുടങ്ങിയതാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്. രാത്രി പത്ത് മണിയോടെ വീണ്ടും മലിനജലം ഒഴുക്കാൻ ആരംഭിച്ചതോടെ നാട്ടുകാർ തടയുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ നാട്ടുകൽ പൊലീസ് കരിങ്കൽ ക്വാറിയിൽ നിന്നും മലിനജലം പമ്പ് ചെയ്യുന്നത് നിർത്തിവെപ്പിച്ചു. മലിനജലം ഒഴുക്കിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.