ശ്രീകൃഷ്ണപുരം: ആറ്റാശ്ശേരി കരിപ്പമണ്ണ എ.എം.എൽ.പി സ്കൂളിലെ പ്രവേശനോത്സവം അലങ്കോലമായതുമായി ബന്ധപ്പെട്ട വിവാദം കത്തുന്നു. അധ്യാപകരെ മർദിച്ചെന്നാരോപിച്ച് കെ.എസ്.ടി.എ ചെർപ്പുളശ്ശേരി ഉപജില്ല കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. അൺഎയ്ഡഡ് സ്കൂൾ മുതലാളിമാരാണ് ആക്രമണം അഴിച്ചുവിട്ടതെന്നും കുറ്റക്കാരെ തുറങ്കിലടക്കണമെന്നും അനധികൃത സ്കൂളിെൻറ പ്രവർത്തനം നിർത്തണമെന്നും ആവശ്യപ്പെട്ടു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. അച്യുതൻകുട്ടി പൊതുയോഗം ഉദ്ഘാടനം ചെയ്തു. വേണു പുഞ്ചപ്പാടം അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.എ. ശിവദാസ്, ജില്ല ജോയൻറ് സെക്രട്ടറി സി. ബാബു, ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി. രാമകൃഷ്ണൻ, എ. ഹരിദാസൻ, എം.പി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. അതേസമയം, പൊതുപ്രവർത്തകരായ കോരത്ത് സെയ്തലവി, പി.പി. അബ്ബാസ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തതിൽ കരിമ്പുഴ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. ഇരുവർക്കുമെതിരായ കേസ് എൽ.ഡി.എഫ് അനുകൂല അധ്യാപകർ ചേർന്നുണ്ടാക്കിയ തിരക്കഥയാണെന്നും യൂത്തലീഗ് ആരോപിച്ചു. സ്കൂളിലെ പ്രവേശനോത്സവം അലങ്കോലപ്പെടുത്തിയെന്നും അധ്യാപകരെ ആക്രമിച്ചു എന്നുമുള്ള വ്യാജ ആരോപണം ഉന്നയിച്ചാണ് ഇവരെ കള്ളക്കേസിൽ കുടുക്കിയിരിക്കുന്നതെന്ന് യൂത്ത് ലീഗ് ഒറ്റപ്പാലം നിയോജക മണ്ഡലം പ്രസിഡൻറ് ഇ.കെ. സമദ് മാസ്റ്റർ, കരിമ്പുഴ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് താഹിർ തങ്ങൾ, ജനറൽ സെക്രട്ടറി സമദ് കോട്ടപ്പുറം, ട്രഷറർ അനസ് പൊമ്പറ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു. സ്കൂൾ പ്രവേശനോത്സവ ചടങ്ങിൽ പി.പി. അബ്ബാസ് പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ മുൻകൂട്ടി തയാറാക്കിയ തിരക്കഥക്കൊത്ത് അധ്യാപകർ പ്രവർത്തിക്കുകയായിരുന്നു. മദ്റസയുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ വന്നതും അധ്യാപകരെ ചൊടിപ്പിച്ചിട്ടുണ്ട്. ജാമ്യമില്ല വകുപ്പ് ചേർത്താണ് ഇരുവർക്കെതിരെയും പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിനെതിരെ പൊതുജനങ്ങളെ അണിനിരത്തി െപാലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള സമരത്തിന് നേതൃത്വം നൽകുമെന്നും നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.