ന്യൂഡൽഹി: ബി.ജെ.പി അധികാരത്തിൽ വരുന്നത് തടയാൻ തയാറെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ബി.ജെ.പിയെ തടയുക എന്നത് കോൺഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും പ്രഖ്യാപിത ലക്ഷ്യമാണെന്നും വേണുഗോപാൽ വ്യക്തമാക്കി. പാലക്കാട് നഗരസഭയിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുന്നത് തടയാൻ ശ്രമിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വേണുഗോപാൽ.
പാലക്കാട് നഗരസഭയുമായി ബന്ധപ്പെട്ട് കാര്യം പാലക്കാട് ഡി.സി.സി ശനിയാഴ്ച പ്രഖ്യാപിച്ചതാണ്. എവിടെയൊക്കെ ബി.ജെ.പിയെ തടയാൻ സാധിക്കുമോ അവിടെയെല്ലാം തടയും. എന്നാൽ, അതിന് അധികാരം പങ്കിടാൻ പോകുന്നില്ലെന്ന് കെ.സി. വേണുഗോപാൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഹാട്രിക് വിജയം പ്രതീക്ഷിച്ച് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് പാലക്കാട് നഗരസഭയിൽ കേവല ഭൂരിപക്ഷം നേടാൻ സാധിച്ചില്ല. നഗരസഭയിൽ കേവല ഭൂരിപക്ഷമില്ലാത്തതിൽ ബി.ജെ.പിക്ക് കടുത്ത നിരാശയാണ്. എന്നാൽ, യു.ഡി.എഫ്, എൽ.ഡി.എഫ് നില മെച്ചപ്പെടുത്തി.
പാലക്കാട് നഗരസഭയിൽ കേവല ഭൂരിപക്ഷമായ 27 സീറ്റിലെത്താതെ 25 വാർഡുകളിൽ വിജയിച്ച് ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 12 സീറ്റിൽ നിന്ന് അഞ്ച് സീറ്റ് വർധിച്ച് 17ൽ യു.ഡി.എഫും ആറ് സീറ്റിൽ നിന്ന് എട്ട് സീറ്റിലേക്ക് കുതിച്ച് എൽ.ഡി.എഫും നേട്ടം കൊയ്തു. എൽ.ഡി.എഫ് പിന്തുണച്ച യു.ഡി.എഫ് വിമതരടക്കം മൂന്ന് സ്വതന്ത്ര സ്ഥാനാർഥികൾ വിജയിച്ചു.
കൂടുതല്‍ സീറ്റുകള്‍ ബി.ജെ.പി നേടിയെങ്കിലും ഭരണം തുലാസ്സിലാണ്. കോൺഗ്രസും സി.പി.എമ്മും കോൺഗ്രസിന്റെ വിമതനും ഒന്നിച്ചാൽ നഗരസഭ പിടിക്കാനാവും. ഡിസംബർ 21നാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുന്നത്. അതിന് ശേഷമാവും മേയർ തെരഞ്ഞെടുപ്പ് ഉൾപ്പടെ നടക്കുക. അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷമാവും ഇക്കാര്യത്തിൽ കൂടുതൽ കൂടിയാലോചനകൾ നടത്തുക.
അതേസമയം, നഗരസഭയിൽ നിന്ന് ബി.ജെ.പിയെ അകറ്റിനിർത്താൻ കോൺഗ്രസ്-സി.പി.എം സഖ്യമുണ്ടാക്കാനുള്ള സാധ്യതകൾ തേടി കോൺഗ്രസും സി.പി.എമ്മും. ഇരുപാർട്ടികളും ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾ ആരംഭിച്ചുവെന്നാണ് വിവരം.
പാലക്കാട്ടെ സി.പി.എം മുതിർന്ന നേതാവ് എൻ.എൻ. കൃഷ്ണദാസ് ഇത്തരമൊരു സഖ്യസാധ്യത തള്ളുന്നില്ല. അതേസമയം, ജമാഅത്തെ ഇസ്‍ലാമിയുമായി സഖ്യമുണ്ടാക്കിയ പാർട്ടിയാണ് കോൺഗ്രസെന്നും അവരുമായി യോജിപ്പുണ്ടാക്കുന്നതിൽ ചില പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നും എൻ.എൻ. കൃഷ്ണദാസ് പറഞ്ഞു.
അതേസമയം, ബി.ജെ.പിക്കൊപ്പം പോകില്ലെന്ന് കോൺഗ്രസ് വിമതൻ റഷീദ് മാധ്യമങ്ങളോട് പറഞ്ഞു. സ്വതന്ത്രനായാണ് ജയിച്ചതെന്നും അതേ നിലപാട് തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.