കൊല്ലങ്കോട്: ഗോവിന്ദാപുരം അംബേദ്കർ കോളനിയിൽ ദലിത് വിരുദ്ധ ആക്രമണത്തിനിടയാക്കുന്നത് പൊലീസ് നിഷ്ക്രിയത്വമെന്ന് പരാതി. കഴിഞ്ഞദിവസം പൊതു കുടിവെള്ള കിയോസ്കിൽനിന്ന് വെള്ളമെടുക്കുന്നത് സംബന്ധിച്ച തർക്കം ആക്രമണത്തിൽ കലാശിച്ചിരുന്നു. കൗണ്ടർ^ചക്ലിയ സമുദായ സംഘർഷങ്ങളിൽ എപ്പോഴും ഇരകളാകുന്നവർ ദലിതുകളായ ചക്ലിയരാണെന്ന് കോളനിവാസികൾ പറയുന്നു. ദലിത് വീടുകളിലെത്തി രാത്രിയിൽ വാതിലിൽ മുട്ടുന്നതും ഉറങ്ങുന്നവർ പുറത്തെത്തിയാൽ ആക്രമിക്കുന്നതും പതിവാണ്. പരാതി സ്വീകരിക്കാൻ പോലും കൊല്ലങ്കോട് പൊലീസ് തയാറല്ല. ദലിതുകളെ ആക്രമിക്കാൻ തൊഴിലാളികളായ ദലിതുകളെ ഉപയോഗപ്പെടുത്തുന്നതായും ആരോപണമുണ്ട്. സി.െഎ അടക്കമുള്ളവർ കോളനി സന്ദർശിക്കാൻ തയാറായിട്ടില്ല. രാഷ്ട്രീയ ഒത്താശയുമുണ്ട്. കഴിഞ്ഞയാഴ്ച കൗണ്ടർ വിഭാഗക്കാരുടെ നേതൃത്വത്തിൽ ചക്ലിയ വിഭാഗത്തിലെ വിജയൻ (31), പ്രതാപ് (26), സതീഷ് (26) എന്നിവരെ സംഘം ചേർന്ന് മർദിച്ച സംഭവത്തിൽ കൊല്ലങ്കോട് സി.െഎക്ക് പരാതി നൽകിയെങ്കിലും പരാതിക്കാരെ ഭീഷണിപ്പെടുത്തുകയാണുണ്ടായതെന്ന് കോളനിവാസികൾ പറയുന്നു. പരാതിയുമായെത്തിയ പഞ്ചായത്ത് അംഗത്തെയും ഭീഷണിപ്പെടുത്തി. പൊലീസ് സ്റ്റേഷനുകളിൽ കൗണ്ടർ വിഭാഗത്തിന് സ്വാധീനമുണ്ട്. പൊലീസിനെ കൗണ്ടർ വിഭാഗം വിലയ്ക്കെടുത്തതാണെന്ന് ദലിത് ആക്ടിവിസ്റ്റ് എസ്. ശിവരാജ് പറയുന്നു. ഇൗ സംഭവങ്ങൾക്കിടെയാണ്, പഞ്ചായത്ത് സ്ഥാപിച്ച കുടിവെള്ള കിയോസ്കിൽ ദലിതുകൾ വെള്ളമെടുക്കാനെത്തിയപ്പോൾ ഉയർന്ന ജാതിയിലുള്ളവർ തടഞ്ഞത്. പ്രദേശത്ത് സ്വകാര്യ മാംസ സംസ്കരണ ഫാക്ടറി സ്ഥാപിച്ച ശുദ്ധജല സംഭരണിയിൽനിന്നാണ് ഇപ്പോൾ ദലിതുകൾ കുടിവെള്ളം ശേഖരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.