കുഴൽമന്ദം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി വ്യാപാരകേന്ദ്രമായ കുഴൽമന്ദം ചന്തയിൽ ശനിയാഴ്ച കച്ചവടം നടത്തിയത് നാനൂേറാളം ഉരുക്കളെ മാത്രം. സാധാരണ മൂവായിരത്തോളം ഉരുക്കളുടെ വ്യാപാരം ഇവിടെ നടക്കാറുണ്ട്. ഓരോ ആഴ്ചയിലും എൺപതോളം ലോഡ് കന്നുകാലികൾ സംസ്ഥാന അതിർത്തി കടന്ന് ഇവിടെ എത്തും. ഇപ്രാവശ്യം എത്തിയത് എട്ട് ലോറി മാത്രമാണ്. സംസ്ഥാന അതിർത്തി കടന്ന് അയൽ ജില്ലകളിൽ ഉരുക്കൾ ആദ്യം എത്തുന്നത് കുഴൽമന്ദം ചന്തയിലേക്കാണ്. ഇവിടെ നിന്നാണ് സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്ക് ഉരുക്കളെ കൊണ്ടുപോകുന്നത്. വാഹനങ്ങളിൽ നിയമപരമായി ഉരുക്കളെ കൊണ്ടുവന്നാലും സംസ്ഥാനത്തിന് പുറത്ത് ചില സംഘടനകൾ വാഹനങ്ങൾ തടയുന്നത് നിയമപരമായുള്ള കച്ചവടത്തെയും ബാധിക്കുന്നതായി വ്യാപാരികൾ പറയുന്നു. ഇത് ക്ഷീരകർഷകരെയും പ്രതികൂലമായി ബാധിക്കും. ഇപ്പോൾതന്നെ കറവ പശുക്കളുടെ വിലവർധിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാറിെൻറ കശാപ്പ് നിയന്ത്രണ വിജ്ഞാപനം മൂലമുണ്ടായ പ്രതിസന്ധി സംസ്ഥാനത്ത് അഞ്ച് ലക്ഷത്തോളം കച്ചവടക്കാരെ നേരിട്ട് ബാധിക്കുമെന്നാണ് കുഴൽമന്ദം കാലിച്ചന്തയുമായി ബന്ധപ്പെട്ടവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.