ഷൊർണൂർ: നഗരസഭയിലെ വാർഷിക പദ്ധതിയിൽനിന്ന് തുക അനുവദിക്കുന്നതിൽ പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളോട് വിവേചനം കാണിച്ചുവെന്നാരോപിച്ച് ബി.ജെ.പി അംഗങ്ങൾ കൗൺസിൽ ഹാളിൽ ആരംഭിച്ച കുത്തിയിരുപ്പ് സമരം തെരുവിലേക്ക് നീങ്ങി. മൂന്നുദിവസം നഗരസഭ ഹാളിൽ കുത്തിയിരുന്ന അംഗങ്ങൾ കഴിഞ്ഞ രണ്ട് ദിവസമായി ചെയർപേഴ്സെൻറ ചേംബറിന് മുന്നിൽ നിരാഹാര സമരം നടത്തുകയാണ്. ഇതിനിടെ വെള്ളിയാഴ്ച വൈകീട്ട് ഒരംഗത്തിെൻറ ആരോഗ്യനില വഷളായതിനെത്തുടർന്ന് പൊലീസ് സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെയായപ്പോഴേക്കും ബി.ജെ.പി പ്രവർത്തകർ പുറത്തും സമരമാരംഭിക്കുകയായിരുന്നു. രാവിലെ എട്ടരയോടെ പ്രവർത്തകർ നഗരസഭയുടെ ഗെയിറ്റുകൾ പൂട്ടി ഉപരോധസമരം ആരംഭിച്ചു. വൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നെങ്കിലും ഇടപെട്ടില്ല. ആവശ്യം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് ഉച്ചതിരിഞ്ഞ് രണ്ടരയോടെ പ്രകടനമായെത്തി പ്രവർത്തകർ പൊതുവാൾ ജങ്ഷനിൽ സംസ്ഥാന പാത ഉപരോധിച്ചു. കൂടുതൽ പൊലീസ് സ്ഥലത്തെത്തി സ്ത്രീകളും കുട്ടികളുമടങ്ങുന്നവരെ അറസ്റ്റ് ചെയ്തത് നീക്കി. സ്റ്റേഷനിൽനിന്നും വിട്ടയച്ച ഇവർ വീണ്ടും പ്രകടനമായി നഗരസഭ ഓഫിസിലെത്തി. വൈകീട്ടോടെ അവശരായ മറ്റ് ആറംഗങ്ങളെയും പൊലീസ് സഹായത്തോടെ ഒറ്റപ്പാലത്തെ ആശുപത്രിയിലേക്ക് മാറ്റി. അംഗങ്ങൾ ഇവിടെയും നിരാഹാര സമരം തുടരുകയാണ്. തിങ്കളാഴ്ച ഷൊർണൂർ അസംബ്ലി മണ്ഡലത്തിൽ ഹർത്താൽ ആചരിക്കാൻ ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി ആഹ്വാനം ചെയതു. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. ബി.ജെ.പി അംഗങ്ങൾ ഏകപക്ഷീയമായി സമരം പ്രഖ്യാപിക്കുകയായിരുന്നെന്ന് നഗരസഭ ചെയർപേഴ്സൻ വി. വിമല പറഞ്ഞു. വിഷയം കൗൺസിലിൽ ചർച്ചക്ക് വന്നപ്പോൾതന്നെ വൈകാതെ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞിരുന്നു. ടെൻഡർ പ്രവൃത്തികളിൽ കുറഞ്ഞ തുകക്ക് പോകുന്നതിൽനിന്ന് ലഭിക്കുന്ന സംഖ്യയും മറ്റ് വിധത്തിൽ ലഭിക്കുന്ന ഫണ്ടുകളും പ്രതിപക്ഷ വാർഡുകളിലേക്ക് അനുവദിക്കാമെന്ന് സമ്മതിച്ചിരുന്നതായും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.