പട്ടാമ്പി: ജനപ്രതിനിധികൾ ഒന്നടങ്കം ചോദിക്കുന്നു, വേണോ ഇങ്ങനെയൊരു താലൂക്ക് വികസനസമിതി യോഗം?. ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമില്ല, മറുപടി പറയാൻ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരില്ല. മിനി സിവിൽ സ്റ്റേഷനിലുള്ള ഓഫിസ് മേധാവികളെപ്പോലും വിളിച്ചുവരുത്തേണ്ട ദുരവസ്ഥ. പഞ്ചായത്ത് പ്രസിഡൻറുമാർ പലരും സ്ഥിരമായി വിട്ടുനിൽക്കുന്നു. ഇങ്ങനെയാണെങ്കിൽ എല്ലാവരെയും പങ്കെടുപ്പിക്കാനായി മീറ്റിങ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കാമെന്നായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ. കഴിഞ്ഞ രണ്ടുമീറ്റിങ്ങുകളിൽ പങ്കെടുക്കാത്തത് ഒന്നും നടക്കാത്തതുകൊണ്ടാണെന്ന് വിളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മുരളി പറഞ്ഞു. ഡെങ്കിപ്പനി വ്യാപിക്കുന്ന സമയത്ത് ആരോഗ്യവകുപ്പിെൻറ ഭാഗത്തുനിന്നുള്ള ഉദാസീനത ബി.ജെ.പി പ്രതിനിധി എം.പി. മുരളീധരനും തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണകുമാറും ചൂണ്ടിക്കാട്ടി. ഓങ്ങല്ലൂരിലും കാരക്കാടും ആക്രിക്കച്ചവടമാണ് ആരോഗ്യരംഗത്ത് വെല്ലുവിളി ഉയർത്തുന്നത്. റോഡരികിലും മറ്റും കൂട്ടിയിട്ട മാലിന്യം മൂടാത്തതിനാൽ വെള്ളം കെട്ടി നിന്നാണ് കൊതുകുകൾ പെരുകുന്നതെന്ന് പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ ഡോ. അബ്ദുറഹ്മാൻ പറഞ്ഞു. പട്ടാമ്പി താലൂക്കിൽ മാത്രം റേഷൻ കാർഡ് വിതരണം നടക്കാത്തത് പ്രതിഷേധാർഹമാണെന്ന് കപ്പൂർ ഗ്രാമപഞ്ചായത്ത് അംഗം അലി കുമരെനല്ലൂർ ചൂണ്ടിക്കാട്ടി. പുതിയ താലൂക്കായതിനാലാണ് വിതരണം താമസിച്ചതെന്നും ജൂൺ അഞ്ചിന് ശേഷം നടത്താനാവുമെന്നും അസി. സപ്ലൈ ഓഫിസർ അറിയിച്ചു. ആനക്കരയിലെ ചെങ്കൽ ക്വാറികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി തഹസിൽദാർ ശ്രീജിത്ത് സമിതിക്ക് ഉറപ്പ് നൽകി. ആനക്കരയിലെ ലക്ഷം വീടുകൾക്ക് പട്ടയം, കൂടല്ലൂരിൽ സ്കൂളിന് മുന്നിൽ അപകടഭീഷണിയായ മരം മുറിക്കൽ എന്നിവ പ്രസിഡൻറ് സിന്ധു രവീന്ദ്രകുമാർ ഉന്നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കമ്മുക്കുട്ടി എടത്തോൾ, പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജാത, ഡെപ്യൂട്ടി തഹസിൽദാർ ഗിരിജാദേവി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.