ഒറ്റപ്പാലം: വ്യാഴവട്ടം പിന്നിടുമ്പോഴും ഒറ്റപ്പാലം നഗരസഭ ബസ്സ്റ്റാൻഡ് നിർമാണത്തിന് ഒച്ചിഴയും വേഗത. അരനൂറ്റാണ്ട് പഴക്കമുള്ള നിലവിലെ ബസ്സ്റ്റാൻഡിൽ ബസുകളും യാത്രക്കാരും തിക്കുംതിരക്കും കൂട്ടുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞമാസം കടമ്പൂർ സ്വദേശിനി ഇവിടെ ബസിടിച്ച് മരിച്ചിരുന്നു. 2005ലാണ് നഗരസഭ വിലയ്ക്കെടുത്ത നാലേക്കറിലേറെ സ്ഥലത്ത് പുതിയ ബസ്സ്റ്റാൻഡ് നിർമാണത്തിന് തറക്കല്ലിട്ടത്. തൊട്ടടുത്ത വർഷം ആരംഭിച്ച നിർമാണപ്രവർത്തങ്ങൾ ഒരാഴ്ച പിന്നിടും മുമ്പുതന്നെ നിലച്ചു. കെട്ടിടത്തിെൻറ അടിത്തറ ബലപ്പെടുത്താൻ കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന യന്ത്രം പോരെന്ന് കരാറുകാരനും പുതിയ യന്ത്രം അനുവദിക്കാനാവില്ലെന്ന് നഗരസഭയും വാദമുന്നയിച്ചതാണ് നിർമാണം നിലക്കാൻ കാരണമായത്. 3.35 കോടി രൂപയായിരുന്നു തുടക്കത്തിൽ എസ്റ്റിമേറ്റ്. കോടതി ഇടപെടലുകളും റീടെൻഡറും സാങ്കേതിക പ്രശ്നങ്ങളും സർക്കാർ അനുമതി വൈകലും മറ്റുമായി പിന്നിട്ട വർഷങ്ങളിൽ പ്രവർത്തനങ്ങൾ മുടങ്ങിയും മുടന്തിയും തള്ളിനീങ്ങി. 2012ൽ വീണ്ടും നിർമാണോദ്ഘാടനം നടത്തി പ്രവൃത്തി ഊർജിതമാക്കി. എന്നാൽ, ഇതിനുശേഷവും പലതവണ പണി നിർത്തിവെച്ചു. ഇതിനകം എസ്റ്റിമേറ്റ് പലമടങ്ങായി ഉയർന്നു. നിർമാണം പൂർത്തിയാക്കാൻ വായ്പ എടുത്ത കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെൻറ് കോർപറേഷനിൽനിന്ന് അഞ്ചുകോടി കൂടി ആവശ്യപ്പെട്ട നഗരസഭക്ക് മൂന്ന് കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, കോർപറേഷൻ വ്യവസ്ഥപ്രകാരം മൊത്തം തുകയായ 19.77 കോടി രൂപയുടെ ബിൽ സമർപ്പിക്കുന്ന മുറക്ക് മാത്രമേ തുക ലഭിക്കൂ. വ്യവസ്ഥയിൽ നിർദേശിച്ച പ്രവൃത്തികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ ഫണ്ട് ലഭിക്കാനും സാധ്യതയില്ലാത്ത സ്ഥിതിയാണ്. പ്രവൃത്തി 75 ശതമാനം പൂർത്തിയായ ഘട്ടത്തിലാണ് ബസ്സ്റ്റാൻഡിന് അവശ്യം വേണ്ട യാർഡ് ഉൾെപ്പടെയുള്ള നിർമാണങ്ങൾ എസ്റ്റിമേറ്റിൽ ഉൾപ്പെട്ടിരുന്നില്ലെന്ന് ബന്ധപ്പെട്ടവർ തിരിച്ചറിയുന്നത്. ഉൾപ്പെടാത്ത നിർമാണങ്ങൾക്ക് വീണ്ടും എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിക്കേണ്ട ഗതികേടും പദ്ധതിക്കുണ്ടായി. കെട്ടിടത്തിലെ മുറികളിൽ മിനുക്കുപണികൾ, വൈദ്യുതീകരണം, യാർഡിൽ ടൈൽ പതിക്കൽ തുടങ്ങിയ നിർമാണങ്ങൾ ഇപ്പോഴും ബാക്കിയാണ്. താഴത്തെ നിലയിലെ കടമുറികൾ ലേലം ചെയ്ത് ലഭിക്കുന്ന തുക വായ്പയുടെ തിരിച്ചടവിന് വിനിയോഗിക്കാമെന്ന കണക്കുകൂട്ടൽ പിഴച്ചതോടെ വായ്പയുടെ മുതൽ ഇനത്തിൽ മാത്രം കോടിയുടെ കടബാധ്യതയാണുള്ളത്. കൗൺസിൽ അംഗീകാരമില്ലാതെ എസ്റ്റിമേറ്റിൽ ഉൾപ്പെടാത്ത പ്രവൃത്തികൾ ചെയ്തെന്നാരോപിച്ച് കരാറുകാരെൻറ ബിൽ തടഞ്ഞുവെച്ചത് നേരേത്ത വിവാദമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് കരാറുകാരൻ സെക്രട്ടറിയെ മർദിച്ചെന്ന പരാതിയിൽ പൊലീസ്കേസുൾെപ്പടെ നടന്നു. രണ്ട് വർഷംകൊണ്ട് പൂർത്തിയാക്കേണ്ട നിർമാണമാണ് 12 വർഷത്തിനിപ്പുറവും എങ്ങുമെത്താതെ പാഴ്ച്ചെലവിെൻറ ചിഹ്നമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.