വരള്‍ച്ച പ്രതിരോധം: മങ്കര പഞ്ചായത്ത് വക നിളയില്‍ മൂന്ന് തടയണകള്‍

മങ്കര: വരള്‍ച്ചയെ നേരിടാന്‍ ഭാരതപ്പുഴയില്‍ മൂന്ന് തടയണകളൊരുക്കി ഗ്രാമപഞ്ചായത്ത്. സത്രംകടവ്, കാളികാവ്, കണ്ണംകടവ് പ്രദേശങ്ങളിലാണ് മണല്‍ചാക്ക് ഉപയോഗിച്ച് താല്‍ക്കാലിക തടയണ നിര്‍മിക്കുന്നത്. സത്രംകടവില്‍ ഇറാം ഗ്രൂപ്പിന്‍െറ സഹായത്തോടെയാണ് തടയണ നവീകരിച്ച് ഷട്ടറിട്ട് വെള്ളം തടഞ്ഞത്. കാളികാവ് പുഴയില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു പുഴക്ക് കുറുകെ മണല്‍ചാക്കിട്ട് തടയണ നിര്‍മിച്ചത്. കണ്ണംകടവില്‍ നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും സഹകരിച്ചാണ് 50 മീറ്റര്‍ ദൂരം തടയണ പൂര്‍ത്തീകരിക്കുന്നത്. 1500 ലേറെ മണല്‍ചാക്കുകള്‍ അട്ടിയിട്ട് ഒരാള്‍ ഉയരത്തിലാണ് തടയണ നിര്‍മാണം. കാലങ്ങളായി മങ്കര റെയില്‍വേ സ്റ്റേഷനിലെ കണ്ണംകടവില്‍ ചെക്ക്ഡാം പകുതിയോളം പൂര്‍ത്തിയാക്കാതെ കിടപ്പിലായിരുന്നു. ഇതോടെ വെള്ളം പാഴായി പോയിരുന്നു. ഇതേതുടര്‍ന്നാണ് പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ പുഴയില്‍ 40 മീറ്ററോളം ദൂരം താല്‍ക്കാലിക തടയണ നിര്‍മിച്ചത്. തടയണകള്‍ പൂര്‍ത്തിയായതോടെ വെള്ളം ഇഷ്ടാനുസരണം കെട്ടിക്കിടക്കുന്നുണ്ട്. ഇതോടെ മേഖലയിലെ കിണറുകള്‍, കുളങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്‍റ് ജിന്‍സി, വൈസ് പ്രസിഡന്‍റ് ഇ.ആര്‍. ശശി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്മാരായ ഷെമീന, ശശികല, വാര്‍ഡ് അംഗം വി.കെ. ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.