വടക്കഞ്ചേരി: വടക്കഞ്ചേരിയിലെ ഡയാന ഹോട്ടലിന് സമീപം ദേശീയപാതയിൽ സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് 17 യാത്രക്കാർക്ക് പരിക്ക്. ഗുരുതരമല്ലാത്ത പരിക്കേറ്റ യാത്രക്കാരെ വടക്കഞ്ചേരിയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
തൃശൂർ ഭാഗത്തുനിന്ന് വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ഇരുബസുകളും ദേശീയപാതയിൽനിന്ന് സർവിസ് റോഡിലേക്ക് പ്രവേശിക്കവേയാണ് അപകടമുണ്ടായത്. മുന്നിൽ പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിന്നിൽ പിന്നാലെ വന്ന സ്വകാര്യ ബസ് ഇടിച്ചതാണ് അപകടകാരണം. 17 പേർക്കും മുഖം, തല, നെറ്റി എന്നിവിടങ്ങളിലാണ് പ്രധാനമായും പരിക്കേറ്റിട്ടുള്ളത്. ഇവരുടെ നില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം.
അതേസമയം, ഡയാന ഹോട്ടൽ ഭാഗത്തെ സർവിസ് റോഡിൽ നടക്കുന്ന ഇത്തരം അപകടങ്ങൾക്ക് പ്രധാന കാരണമാകുന്നതായി നാട്ടുകാർ ആരോപിക്കുന്നു. പാർക്കിങ് കാരണം റോഡിലെ ഗതാഗതം തടസ്സപ്പെടുകയും കാഴ്ച മറയുകയും ചെയ്യുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. വിഷയത്തിൽ നിരവധി തവണ പരാതി നൽകിയിട്ടും അധികാരികൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആക്ഷേപം ഉന്നയിച്ചു.
തുടർച്ചയായ അപകടങ്ങൾ ഉണ്ടായിട്ടും അധികൃതർ നിഷ്ക്രിയത്വം തുടരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് അപകടം കാരണമായതിനെ തുടർന്ന് പൊലീസെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.