തെരഞ്ഞെടുപ്പ് ചൂട്; അതവിടെ നില്‍ക്കട്ടെ...തെരുവ് നായ്ക്കളെ എന്തു ചെയ്യും?

കൂറ്റനാട്: ഏറെകാലമായുള്ള മുറവിളിക്കും ഭീഷണിക്കും പരിഹാരം എന്താണെന്ന ചോദ്യവുമായാണ് ഇത്തവണ തൃത്താല മേഖലയിലെ വോട്ടര്‍മാര്‍. രണ്ടു ഡസനിലധികം തെരുവ് നായകളാണ് ജനവാസ കേന്ദ്രമായ കൂറ്റനാട് പരിസരത്തുമാത്രം വിഹരിക്കുന്നത്.

കൂറ്റനാട് സെൻററിൽ സ്വൈരമായി നടക്കാനാവാത്ത അവസ്ഥയാണെന്ന് വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ ചൂണ്ടികാട്ടുന്നു. പത്ത് മുതൽ 20 വരെയുള്ള തെരുവ് നായ്ക്കളുടെ കൂട്ടങ്ങൾ ബസ് സ്റ്റാൻഡിലും പഞ്ചായത്ത് ഓഫിസിന് മുമ്പിലും വിഹരിക്കുകയാണ്. ഇവയില്‍ പലതിനും പേവിഷബാധയുള്ളതായും പറയപെടുന്നു. പേ ഇളകിയാൽ ഇവ ആളുകളെ അക്രമിക്കുന്നതിനേക്കാളുപരി കൂട്ടത്തിലുള്ള മറ്റു നായ്ക്കളേയും കടിച്ച് പരിക്കേൽപ്പിക്കുമെന്നാണ് തൃത്താലയിലെ വെറ്റിനറി ഡോക്ടർ എസ് പ്രമോദ് പറയുന്നു.

പേയിളകിയ തെരുവ് നായ്ക്കളുടെ കൂട്ടങ്ങൾ മനുഷ്യര്‍ക്കുപുറമെ വളർത്തു മൃഗങ്ങളെയും കടിക്കുന്നു. ഇക്കഴിഞ്ഞ ദിവസം നാഗലശ്ശേരി പഞ്ചായത്തിലെ ആറാം വാർഡിൽ രണ്ട് കറവപശുക്കളാണ് പേയിളകി ചത്തത്. ക്ഷീര കർഷകനായ വീട്ടുടമസ്ഥന് ഒന്നരലക്ഷം നഷ്ടം സംഭവിച്ചു. നായ്ക്കളുടെ അക്രമണത്തിൽ നഷ്ടം സംഭവിക്കുന്ന കർഷകർക്ക് യാതൊരു പരിഹാരവും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്നും കോഴി, ആട്, പശു തുടങ്ങിയ മൃഗങ്ങളെ വളർത്തി ഉപജീവനം നടത്തുന്ന കർഷകർക്ക് ഈ മേഖലയിൽ തുടരാനാൻ കഴിയാത്ത സ്ഥിതിയാണെന്നുമാണ് ക്ഷീര കർഷകർ പറയുന്നത്.

നാഗലശ്ശേരി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന നാല് ക്ഷീര സംഘങ്ങളിലും പഞ്ചായത്തിനോട് ചേർന്ന് നിൽക്കുന്ന ക്ഷീരസംഘങ്ങളിലുമായി നിരവധി കർഷകരാണ് ഉപജീവനം നടത്തുന്നത്. ശരാശരി ഓരോ സംഘത്തിലും 50 മുതൽ 100 വരെ കർഷകർ അംഗങ്ങളാണ്. കാലികളെ മേയ്ക്കാനുള്ള പ്രയാസം കണക്കിലെടുത്ത് അംഗത്വമുള്ള പലരും ഈ മേഖലയിൽ തുടരാനാവുന്നില്ലെന്നാണ് പറയുന്നത്.

മുൻകാലങ്ങളിൽ കന്നുകാലികളെ തുറസ്സായ സ്ഥലത്ത് മേയ്ക്കാന്‍ വിടുന്ന സ്ഥിതി ഉണ്ടായിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തില്‍ കഴിയില്ല. അതത് മേച്ചില്‍ പുറങ്ങളില്‍ തീറ്റക്ക് വിട്ടാലാകട്ടെ ഏത് സമയത്തും തെരുവ് നായ്ക്കളുടെ അക്രമം ഉണ്ടാകുമെന്ന സ്ഥിതിയാണ്. ഇപ്പോഴത്തെ കാലഘട്ടത്തില്‍ കർഷകർ നേരിടുന്ന ഏറ്റവും വലിയ ഭീഷണിപേവിഷബാധയൊണെന്ന് കോതച്ചിറയിലെ ക്ഷീര സഹകരണസംഘം പ്രസിഡൻറ് സി.കെ കുട്ടിനാരായണൻ പറയുന്നു. ആദ്യകാലങ്ങളിൽ മിക്കവിടുകളിൽ നിന്നും കർഷകർ ക്ഷീരസംഘത്തിലേക്ക് പാലുമായി എത്തിയിരുന്നെങ്കിൽ പലയിടത്തും വിരലിലെണ്ണാവുന്ന കർഷകർ മാത്രമായി ചുരുങ്ങി.

വാവന്നൂർ, തൊഴുക്കാട്, പെരിങ്ങോട്, കോതച്ചിറ തുടങ്ങിയ നാലു കേന്ദ്രങ്ങളിൽ ക്ഷീരസഹകരണ സംഘങ്ങളുണ്ട്. പഞ്ചായത്തിന്റെ തൊട്ടടുത്ത കേന്ദ്രങ്ങളായ വട്ടേനാട്, ചാത്തനൂർ, ചാഴിയാട്ടിരി തുടങ്ങിയ പ്രദേശങ്ങളിലും പഞ്ചായത്തുകളുടെ അതിർത്തികൾ പരിഗണിക്കാതെ കർഷകർ പാൽ നൽകുന്ന സ്ഥിതിയുണ്ട്.

Tags:    
News Summary - Stray dog ​attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.