ബസ് സമരം: യാത്രക്കാര്‍ വലഞ്ഞു

കോങ്ങാട്: സ്വകാര്യ ബസുകള്‍ പണിമുടക്കിയതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. കെ.എസ്.ആര്‍.ടി.സി കൂടുതല്‍ ബസ് സര്‍വിസുകള്‍ നടത്തിയെങ്കിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. ജെല്ലിക്കെട്ട് സമരം കാരണം പാലക്കാട്-പൊള്ളാച്ചി ട്രെയിനുകള്‍ റദ്ദാക്കിയത് യാത്രക്കാര്‍ക്ക് ഇരട്ടി ദുരിതമായി. തൃശൂര്‍, കോഴിക്കോട് ടൗണ്‍ ടു ടൗണ്‍ ബസുകളില്‍ വന്‍ തിരക്കായിരുന്നു. കെ.എസ്.ആര്‍.ടി.സി ഇല്ലാത്ത ഉള്‍പ്രദേശങ്ങളിലാണ് ജനങ്ങള്‍ ഏറെ ക്ളേശിച്ചത്. പുലാപ്പറ്റ: ബസ് സമരം നാട്ടിന്‍പുറത്തുകാര്‍ക്ക് വിനയായി. കെ.എസ്.ആര്‍.ടി.സി പേരിനുമാത്രം സര്‍വിസ് നടത്തുന്ന ഉള്‍നാടന്‍ ഗ്രാമീണ മേഖലയായ പുലാപ്പറ്റയിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ ആത്യാവശ്യ കാര്യങ്ങള്‍ക്കും ജോലി സ്ഥലങ്ങളില്‍ എത്തിപ്പെടാനും വാടക വാഹനങ്ങളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായി. വിദ്യാലയങ്ങളിലും ഹാജര്‍ നില കുറവായിരുന്നു. ഷൊര്‍ണൂര്‍: സ്വകാര്യ ബസ് സമരം ഹര്‍ത്താലിന്‍െറ പ്രതീതി സൃഷ്ടിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ നാമമാത്രമായി സര്‍വിസ് നടത്തുന്ന റൂട്ടുകളിലെയും ഉള്‍നാടന്‍ ഗ്രാമങ്ങളിലെയും ജനങ്ങളാണ് വലഞ്ഞത്.സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജര്‍ നില നന്നേ കുറവായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് എത്താന്‍ പറ്റാത്തതിനാല്‍ മിക്ക സ്കൂളുകളും പേരിന് മാത്രമാണ് പ്രവര്‍ത്തിച്ചത്. വ്യാപാര സ്ഥാപനങ്ങളെയും ബസ് സമരം കാര്യമായി ബാധിച്ചു. ടൗണുകളില്‍ കൂടുതല്‍ ജനങ്ങള്‍ എത്താതിരുന്നതിനാല്‍ ഓട്ടോ-ടാക്സി മേഖലയിലും ഓട്ടം നന്നേ കുറവായിരുന്നു. ഷൊര്‍ണൂര്‍ റെയില്‍വേ ജങ്ഷനില്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ എത്തിയവര്‍ ബസ് സമരത്തെക്കുറിച്ച് അറിയാതിരുന്നതിനാല്‍ കുടുങ്ങി. മിക്കവരും ഓട്ടോ-ടാക്സി എന്നിവയെ ആശ്രയിച്ചാണ് യാത്ര തുടര്‍ന്നത്. ഓട്ടോ-ടാക്സി എന്നിവ സമാന്തര സര്‍വിസ് നടത്താതിരുന്നതും വിനയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.