പൂവക്കോടിന്‍െറ അഭിമാനമായി ബദറുന്നിസ ഡല്‍ഹിയിലേക്ക്

പട്ടാമ്പി: പൂവക്കോട് കളത്തുംപടി ഹംസയുടെ മകള്‍ ബദറുന്നിസക്കും അവളിലൂടെ പട്ടാമ്പി പൂവക്കോട് ഗ്രാമത്തിനും ജനുവരി മറക്കാനാകാത്ത ഓര്‍മയാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. രാജ്യതലസ്ഥാനത്ത് റിപ്പബ്ളിക് ദിന പരേഡില്‍ അതിഥിയായി ഈ പ്ളസ് ടു വിദ്യാര്‍ഥിനി ധീരതക്കുള്ള ദേശീയാംഗീകാരം കൈപ്പറ്റുന്ന മുഹൂര്‍ത്തം കാത്തിരിക്കുകയാണ് നാട്. കുളത്തില്‍ മുങ്ങിത്താഴ്ന്ന അമ്മയെയും മകളെയും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയാണ് ഈ 15കാരി പൂവക്കോടിന്‍െറ അഭിമാനമായി മാറിയത്. ധീരതക്കുള്ള അംഗീകാരമായി കേന്ദ്ര സര്‍ക്കാറിന്‍െറ ക്ഷണിതാവായ സന്തോഷത്തിലാണ് ബദറുന്നിസ. 2105 മേയ് ഒന്നിനായിരുന്നു ബദറുന്നിസയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ സംഭവം. പൂവക്കോട് ഗ്രാമത്തിലെ ചേലക്കോട്ടുകുളത്തില്‍ രാവിലെ 11 മണിയോടെയാണ് ബദറുന്നീസ കുളിക്കാനത്തെിയത്. കൂട്ടുകാരി വിസ്മയയും അമ്മ രാജിയും കടവിലുണ്ടായിരുന്നു. കുളിക്കുന്നതിനിടെ അടിതെറ്റി വീണ വിസ്മയ വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു. മകളെ രക്ഷിക്കാനുള്ള വെപ്രാളത്തില്‍ രാജിയും. ബദറുന്നീസ വെള്ളത്തിലേക്ക് എടുത്തുചാടി ഇരുവരെയും രക്ഷിച്ചു. വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ളാസുകാരിയുടെ ധീരത വിസ്മയയുടെ പിതാവ് പൂവക്കോട് തെക്കേക്കര മണികണ്ഠന് മറക്കാനാകാത്ത കടപ്പാടുമായി. ഭാര്യയെയും മകളെയും രക്ഷിച്ച ബദറുന്നിസയെ മണികണ്ഠനൊപ്പം നാടും നാട്ടുകാരും പ്രശംസിച്ചു. തൊട്ടടുത്ത അംഗന്‍വാടി അധ്യാപികയായ കമലം ഐ.സി.ഡി.എസ് മുഖേനയാണ് ബദറുന്നിസക്ക് ധീരതക്കുള്ള അവാര്‍ഡിനായി അപേക്ഷ നല്‍കിയത്. ജനുവരി 26ന് നടക്കുന്ന റിപ്പബ്ളിക് ദിന പരേഡില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍നിന്ന് ബദറുന്നിസ ധീരതക്കുള്ള പുരസ്കാരം ഏറ്റുവാങ്ങും. ഡല്‍ഹിക്ക് തിരിച്ച ബദറുന്നീസക്ക് പൂവക്കോട് സെന്‍ററില്‍ യാത്രയയപ്പ് നല്‍കി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കമ്മുക്കുട്ടി എടത്തോള്‍, ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആക്ടിങ് പ്രസിഡന്‍റ് പി.എ. സൈനബ എന്നിവരടക്കം ജനപ്രതിനിധികളും നാട്ടുകാരും ബദറുന്നിസയെ യാത്രയയക്കാനത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.