മനുഷ്യരിലെ അകല്‍ച്ച ഒഴിവാക്കാന്‍ മതം കൊണ്ട് സാധിക്കണം –സമദാനി

നിലമ്പൂര്‍: മനുഷ്യര്‍ക്കിടയിലെ അകല്‍ച്ച ഒഴിവാക്കാന്‍ മതം കൊണ്ട് സാധിക്കണമെന്ന് എം.പി. അബ്ദുസ്സമദ് സമദാനി. കൂറ്റമ്പാറ സുകൃതം യുവജനവേദിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പള്ളികളിലെ മുഅദ്ദിനുകളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പള്ളികള്‍ വെറും ആരാധനാലയങ്ങള്‍ മാത്രമല്ല, മനുഷ്യബന്ധം നന്നാക്കാനുള്ള കേന്ദ്രം കൂടിയാണ്. വര്‍ഗീയതയെ ചെറുക്കാനും മാനവികത ഉണ്ടാക്കാനും വിശ്വാസി തന്‍െറ ജീവിതത്തിലൂടെ സമൂഹത്തിന് കാണിച്ചുകൊടുക്കണമെന്ന് സമദാനി പറഞ്ഞു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ധാര്‍മികതയിലൂന്നിയ പഠനങ്ങള്‍ക്ക് മാത്രമേ മൂല്യാധിഷ്ഠിത സമൂഹത്തെ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. പി.വി. അന്‍വര്‍ എം.എല്‍.എ മുഖ്യാഥിതിയായിരുന്നു. ഉബൈദ് ഇല്ലിക്കല്‍, സുബൈര്‍ കൂറ്റമ്പാറ, ഖാരിഅ് അര്‍ഷദ് മമ്പാട്, ഇ.കെ. കുഞ്ഞമ്മദ് മുസ്ലിയാര്‍, അസീസ് മുസ്ലിയാര്‍ മൂത്തേടം, മഹല്ല് ഖാദി ബാപ്പുട്ടി ഉസ്താദ്, പി.പി. മുഹമ്മദ് അബ്ദുറഹിമാന്‍, ഡോ. യൂസഫ് നദ്വി, ഫരീദ് കരിയക്കാട്, മുര്‍ഷിദ് ഇല്ലിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയില്‍ നിന്നുള്ള 90 മുഅദ്ദിനുകളെയാണ് ചടങ്ങില്‍ ആദരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.