നിലമ്പൂര്‍: മുസ്ലിം ലീഗ് നിലമ്പൂര്‍ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് യോഗത്തില്‍ വാക്കേറ്റവും കൈയാങ്കളിയും. ശനിയാഴ്ച നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യോഗത്തിലാണ് വാക്കേറ്റവും കൈയാങ്കളിയും നടന്നത്. ഉച്ചക്ക് മൂന്ന് മണിക്ക് വിളിച്ച യോഗം അഞ്ചോടെയാണ് ആരംഭിച്ചത്. പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പ്രശ്നങ്ങളുണ്ടാവുമെന്ന സൂചന നേരത്തേതന്നെ നേതാക്കള്‍ക്ക് ലഭിച്ചിരുന്നു. ഇതിന്‍െറ ഭാഗമായി പി.വി. അബ്ദുല്‍ വഹാബ് എം.പിയുടെ വസന്തിയില്‍ മൂന്ന് മണിക്ക് മണ്ഡലം നേതാക്കളെ വിളിച്ചു വരുത്തി സമവായ ചര്‍ച്ച നടത്തിയ ശേഷമാണ് പാര്‍ട്ടി ഓഫിസില്‍ യോഗം ആരംഭിച്ചത്. പി.വി. അബ്ദുല്‍ വഹാബിന്‍െറ ഉദ്ഘാടന പ്രസംഗത്തിന് ശേഷം തെരഞ്ഞെടുപ്പ് നടപടിയിലേക്ക് നീങ്ങി. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇസ്മായില്‍ മൂത്തേടത്തിന്‍െറ പേര് ഉയര്‍ന്നുവന്നതോടെ ഒരു വിഭാഗം പ്രതിഷേധവുമായി ബഹളം വെച്ചു. കഴിഞ്ഞ മൂന്ന് തവണ തുടര്‍ച്ചയായി പ്രസിഡന്‍റ്, സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ച ഇസ്മായില്‍ മൂത്തേടത്തിനെ വീണ്ടും തെരഞ്ഞെടുക്കുന്നത് മുസ്ലിം ലീഗിന്‍െറ ഭരണഘടനക്ക് എതിരാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ബഹളം. ഇതോടെ അബ്ദുല്‍ വഹാബ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. ശേഷമാണ് വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായത്. യോഗഹാളിലുണ്ടായിരുന്ന കസേരകള്‍ക്കൊണ്ട് അടിയും ഏറും വരെ ഉണ്ടായി. ഇതിനിടയിലും രഹസ്യസ്വഭാവത്തോടെയുള്ള തെരഞ്ഞെടുപ്പ് നടന്നു. ഇസ്മായില്‍ മൂത്തേടം (പ്രസി), ഇഖ്ബാല്‍ മുണ്ടേരി (ജന. സെക്ര), കെ.ടി. കുഞ്ഞാന്‍ (ട്രഷ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. 149 കൗണ്‍സിലര്‍മാരില്‍ 143ഓളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍, ഒരു കാരണവശാലും ഇസ്മായിലിനെ അംഗീകരിക്കാനാവില്ളെന്ന് പറഞ്ഞ് പ്രവര്‍ത്തകരില്‍ ഒരു വിഭാഗം ബഹളം തുടര്‍ന്നു. ഇതോടെ തെരഞ്ഞെടുപ്പ് നിയന്ത്രണ ചുമതലയുണ്ടായിരുന്ന എം.കെ. ബാവ, അഡ്വ. അബു സിദ്ദീഖ് ആമക്കാട് എന്നിവര്‍ ലീഗ് നേതൃത്വവുമായി ബന്ധപ്പെട്ടു. ഇസ്മായില്‍ മൂത്തേടത്തിന്‍െറ പ്രസിഡന്‍റ് പദവിയെ കുറിച്ച് സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമെ പ്രഖ്യാപനമുണ്ടാവൂയെന്ന ലീഗ് നേതൃത്വത്തിന്‍െറ ഉറപ്പ് റിട്ടേണിങ് ഓഫിസര്‍മാര്‍ അറിയിച്ചത്തോടെയാണ് പ്രവര്‍ത്തകര്‍ ഒച്ചപ്പാടും ബഹളവും അവസാനിപ്പിച്ചത്. രാത്രി ഒമ്പതോടെയാണ് യോഗം അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.