മണ്ണാര്‍ക്കാട്: ജനുവരി ഒന്നുമുതല്‍ മണ്ണാര്‍ക്കാട് നഗര പരിധിയില്‍ നടപ്പാക്കാന്‍ ഉദ്ദ്യേശിച്ച് പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഗതാഗത പരിഷ്കാരം വിവിധ സംഘടനകളുടെ യോഗത്തില്‍ സംയുക്ത പിന്തുണ ലഭിച്ചു. ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ് അസോസിയേഷന്‍ ഭാരവാഹികള്‍, ബസ്സ്റ്റാന്‍ഡിലെ ഓട്ടോ തൊഴിലാളികള്‍ എന്നിവരെ പങ്കെടുപ്പിച്ച് നടത്തിയ ഒരു ദിവസം നീണ്ടുനിന്ന വ്യത്യസ്ത യോഗങ്ങളിലാണ് ഗതാഗത പരിഷ്കാരം തര്‍ക്കങ്ങള്‍ ഒഴിവാക്കി നടപ്പാക്കാന്‍ ധാരണയായത്. നഗരത്തിലെ ഓട്ടോറിക്ഷകള്‍ക്ക് നഗരസഭ സ്റ്റിക്കര്‍ പതിക്കാനും പെര്‍മിറ്റില്ലാതെ സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ഓട്ടോസ്റ്റാന്‍ഡുകള്‍ ക്രമീകരിക്കാനും തീരുമാനമായി. നഗരത്തിലെ സി.പി.എം പാര്‍ട്ടി ഓഫിസ് മുതല്‍ താലൂക്ക് ആശുപത്രി ജങ്ഷന്‍ വരെയുള്ള നടമാളിക റോഡ് വഴി പാലക്കാട് ഭാഗത്തേക്ക് വണ്‍വേ സംവിധാനമേര്‍പ്പെടും. ഇതിനായി റോഡിലെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനും തീരുമാനമായി. വണ്‍വേ ഏര്‍പ്പെടുത്തുന്ന മുറക്ക് നടമാളിക റോഡിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡ് പച്ചക്കറി മാര്‍ക്കറ്റിലുള്ള വില്ളേജ് ഓഫിസിനോട് ചേര്‍ന്ന് മാറ്റുവാനും പച്ചക്കറി മാര്‍ക്കറ്റിലൂടെ വണ്‍വേ സംവിധാനമേര്‍പ്പെടുത്താനും ധാരണയായി. കോടതിപ്പടിയിലെ ബസ്സ്റ്റാന്‍ഡ് മുന്‍ധാരണ പ്രകാരം പി.ഡബ്ള്യു.ഡി ഓഫിസ് പരിസരത്തേക്ക് മാറ്റി, താല്‍ക്കാലിക വെയിറ്റിങ് ഷെഡ് നിര്‍മിക്കാനും എത്രയും പെട്ടെന്ന് കംഫര്‍ട്ട് സ്റ്റേഷന്‍ ഉള്‍പ്പെടെ ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിക്കാനും തീരുമാനിച്ചു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ലോകബാങ്ക് സഹായത്തോടെ ആധുനിക ശൗചാലയം നിര്‍മിക്കാനും ബസ് സ്റ്റാന്‍ഡിനകത്തെ ഓട്ടോ സ്റ്റാന്‍ഡ് കൃഷി ഭവന്‍ സമീപത്തേക്ക് മാറ്റാനും തീരുമാനിച്ചു. എന്നാല്‍, ഈ തീരുമാനത്തിനെതിരെ ബസ്സ്റ്റാന്‍ഡിലെ ഓട്ടോ തൊഴിലാളികളില്‍ ഒരുവിഭാഗം എതിര്‍പ്പുമായി രംഗത്ത് എത്തി. നേരത്തേ നഗരസഭ എടുത്ത 10 ഗതാഗത പരിഷ്കാര തീരുമാനങ്ങള്‍ നടപ്പാക്കാനും ധാരണയായി. മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കയറുന്നത് ഒഴിവാക്കണമെന്നും പ്രതിഭ ടാക്കീസിന് മുന്‍വശം ബസ്സ്റ്റോപ് അനുവദിക്കണമെന്നാവശ്യവുമുയര്‍ന്നു. റോഡിലെ കൈയേറ്റങ്ങളൊഴിപ്പിച്ച് പള്ളിപ്പടിയില്‍നിന്ന് ഞെട്ടരക്കടവ് റോഡില്‍ മിനി സിവില്‍ സ്റ്റേഷന് സമീപം ചേരുന്ന റോഡ് ഗതാഗത യോഗ്യമാക്കി കോടതിപ്പടിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുക, റോഡരിക് കൈയേറി തെരുവുകച്ചവടം നടത്തുന്നവരെ നിയന്ത്രിക്കുക എന്നീ ആവശ്യങ്ങള്‍ വ്യാപാരി സംഘടന നേതാക്കള്‍ മുന്നോട്ടുവെച്ചു. ചെയര്‍പേഴ്സന്‍ എം.കെ. സുബൈദ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ടി.ആര്‍. സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ കെ.സി. അബ്ദുറഹ്മാന്‍, സിറാജുദ്ദീന്‍, സലീം, മന്‍സൂര്‍, സി.കെ. അഫ്സല്‍, പി.എം. ജയകുമാര്‍, ഇബ്രാഹിം, എന്‍.കെ. സുജാത, പ്രേംലാല്‍, നുസ്റത്ത്, ഷഹന, വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ പി.ആര്‍. സുരേഷ്, കെ.പി. മസൂദ്, പരമശിവന്‍, എ. അയ്യപ്പന്‍, കൃഷ്ണകുമാര്‍, ഉണ്ണികൃഷ്ണന്‍, റഫീക്ക് നെല്ലിപ്പുഴ, മുഹമ്മദാലി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ബാസിത്ത് മുസ്ലിം, ജനറല്‍ സെക്രട്ടറി രമേഷ്, ബൈജു രാജേന്ദ്രന്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ് അസോസിയേഷന്‍ ഭാരവാഹികളായ നാസര്‍ റെയിന്‍ബോ, സന്തോഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.