മണ്ണാര്‍ക്കാട്: കുന്തിപ്പുഴയിലെ സിവില്‍ സപ്ലൈസില്‍ ഒരു സംഘം തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കയറ്റിറക്ക് പ്രവര്‍ത്തനം സ്തംഭിച്ചു. നേരത്തേ മണ്ണാര്‍ക്കാടും അഗളിയിലും പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണുകള്‍ കുന്തിപ്പുഴയിലേക്ക് മാറ്റിയപ്പോള്‍ നിലവിലുള്ള കയറ്റിറക്ക് തൊഴിലാളികളെ തുടരാന്‍ അനുവദിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം 20 തൊഴിലാളികളില്‍ 11 പേരെ ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തിയതോടെയാണ് പ്രശ്നം ഉടലെടുത്തത്. ഒമ്പതുപേര്‍ക്ക് മാത്രമാണ് നിലവില്‍ അനുമതി ലഭിച്ചത്. എന്നാല്‍, നേരത്തേയുള്ള മുഴുവന്‍ തൊഴിലാളികള്‍ക്കും ജോലി ചെയ്യാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഒരുവിഭാഗം തൊഴിലാളികള്‍ കയറ്റിറക്ക് തടസ്സപ്പെടുത്തിയത്. തൊഴിലാളികള്‍ക്ക് പിന്തുണയുമായി സി.പി.ഐ നേതാക്കള്‍ രംഗത്തെത്തി. പ്രശ്നങ്ങള്‍ രൂക്ഷമായതോടെ മണ്ണാര്‍ക്കാട് എസ്.ഐ ഷിജു എബ്രഹാമിെൻറ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. സമരക്കാരുമായും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനമാവാത്തതിനെ തുടര്‍ന്ന് 29ന് പാലക്കാട് ഡി.എല്‍.ഒയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്താമെന്ന ധാരണയില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.