ഷൊർണൂർ: കുടിവെള്ളം കിട്ടാതെ ജനം നട്ടം തിരിയുമ്പോഴും ബന്ധപ്പെട്ട അധികൃതർ ഗുരുതര അലംഭാവം തുടരുന്നു. വേനലിൽ ജലക്ഷാമം രൂക്ഷമായിരിക്കുമെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടും ബന്ധപ്പെട്ടവർ ഒന്നും ചെയ്യാതെ കൈയും കെട്ടിയിരുന്നതാണ് ഇപ്പോഴത്തെ ദുരവസ്ഥക്ക് ഇടയാക്കിയത്. സ്ഥിരം തടയണ നിർമിക്കാത്തതാണ് ഷൊർണൂരിലെ കുടിവെള്ളക്ഷാമത്തിന് പ്രധാനകാരണം. താൽക്കാലിക തടയണയും ഇവിടെ തീർത്തും ഭാഗികമാണ്. വെള്ളം സംഭരിച്ചു നിർത്തിയ എവിടുന്നെങ്കിലും കിട്ടിയാൽ ഷൊർണൂരിൽ വിതരണം ചെയ്യാമെന്ന നിലപാടാണ് ജല അതോറിറ്റിക്കും ഷൊർണൂർ നഗരസഭക്കും. നഗരസഭയും ജല അതോറിറ്റിയും ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ രണ്ട് തവണ മലമ്പുഴ ഡാമിൽ നിന്നും വെള്ളം തുറന്നുവിട്ടിരുന്നു. എന്നാൽ, രണ്ട് തവണയും ഈ വെള്ളം കുറച്ച് ദിവസമെങ്കിലും വിതരണം ചെയ്യാനുള്ള സംവിധാനം നഗരസഭയോ ജല അതോറിറ്റിയോ ചെയ്തില്ല. മാന്നനൂർ ഉരുക്കു തടയണയിൽ നിന്നും നാല് പൈപ്പിലൂടെ പുറത്ത് വരുന്ന ജലവും ടൈഫോണിക് രീതിയിലൂടെ പൈപ്പിട്ട് പുറത്ത് ചാടിക്കുന്ന ജലവുമാണ് ഷൊർണൂരിെൻറയും ചെറുതുരുത്തിയുടെയും ജീവവായു. മാന്നനൂരിൽ നിന്നും ഷൊർണൂരിലേക്കുള്ള വെള്ളമൊഴുകുന്ന സ്ഥലത്തിനിടക്ക് തൃശൂർ ജില്ല അതിർത്തിയിലെ രണ്ട് കുടിവെള്ള പദ്ധതിയുണ്ട്. ഇതിനാൽ ഷൊർണൂരിലേക്ക് വെള്ളം ഒഴുകിയെത്തുന്നില്ല. ഇപ്പോൾ പുഴയിലെ കുഴിയിൽനിന്ന് മോട്ടോർ ഉപയോഗിച്ച് ജല അതോറിറ്റിയുടെ പമ്പിങ് കിണറിെൻറ വൃഷ്ടിപ്രദേശത്തേക്ക് വെള്ളമെത്തിച്ചാണ് ഭാഗികമായ ഉപയോഗം നടത്തുന്നത്. മുഴുവൻ സമയവും പമ്പിങ് ചെയ്യാനാകാത്തതിനാൽ കുടിവെള്ള വിതരണം ഭാഗികമാണ്. ഇതിനിടെ മലമ്പുഴ ഡാം വീണ്ടും തുറക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. ആവശ്യമായ വെള്ളം ഡാമിലില്ലാത്തതാണ് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.