ആലത്തൂർ: അത്തിപ്പൊറ്റ മാങ്ങോട്ട് ഭഗവതി ക്ഷേത്രത്തിലെ വേല ആഘോഷിച്ചു. ഞായറാഴ്ച പുലർച്ച നാല് മുതൽ ക്ഷേത്രത്തിൽ വേലയോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾ നടന്നു. രാവിലെ മുതൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഘോഷയാത്രകൾ ക്ഷേത്രാങ്കണത്തിൽ എത്തിക്കൊണ്ടിരുന്നു. അതോടൊപ്പം നാദസ്വര കച്ചേരിയും ഉച്ചക്ക് ആൽത്തറകേളിയും ഈടുവെടിയും നടത്തി. ഉച്ചക്ക് രണ്ടിന് മൂലസ്ഥാനമായ ഉണ്ണിയിരുത്തി മൊക്കിൽനിന്ന് പകൽ വേലയുടെ ആന എഴുന്നള്ളിപ്പ് വാദ്യ ഷോഷങ്ങളോടെ ആരംഭിച്ചു. രാത്രി ഏഴിന് എഴുന്നള്ളിപ്പ് ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ച് പ്രദക്ഷിണം നടത്തിയിറങ്ങിയതോടെ പകൽവേലയുടെ വെടിക്കെട്ടും ഉണ്ടായിരുന്നു. രാത്രി വേലയുടെ തുടക്കം കുറിക്കുന്ന നാദസ്വര കച്ചേരി 7.30ന് ക്ഷേത്രാങ്കണത്തിൽ ആരംഭിച്ചു. 11ന് ബന്ധു ദേശമായ വാവുള്ളിയാപുരംകാരുടെ കുതിരവണങ്ങൽ ചടങ്ങ് നടന്നു. തിങ്കളാഴ്ച പുലർച്ച 1.30ന് പൊൻകുതിര, താലം, വേദിക ആന പഞ്ചവാദ്യം എന്നിവയോടെ എഴുന്നള്ളിപ്പ് തുടങ്ങി. മൂന്നിന് ദേശമന്ദിൽനിന്ന് താലം എടുത്തുപിടിയുടെ അകമ്പടിയോടെ എഴുന്നള്ളിപ്പുകൾ നാദസ്വരത്തോടു കൂടി ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രദക്ഷിണം നടത്തി താലം ചൊരിഞ്ഞതോടെയാണ് ആഘോഷം സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.