കൊ​ടും​വേ​ന​ലി​ലും ഇ​രു​ക​ര മു​ട്ടി നി​ള: വ​ര​ൾ​ച്ച ത​ട​യാ​ൻ വ​ഴി​കാ​ണിച്ച്​ മാ​ന്ന​നൂ​ർ ഉ​രു​ക്കു ത​ട​യ​ണ

ഷൊർണൂർ: ഭാരതപ്പുഴയുടെ 80 ശതമാനത്തോളം ഭാഗം വറ്റിവരണ്ട് കിടക്കുമ്പോഴും കഴിഞ്ഞ വർഷം പണി പൂർത്തീകരിച്ച മാന്നനൂർ ഉരുക്കു തടയണയുടെ വൃഷ്ടി പ്രദേശം ജലസമൃദ്ധം. പുഴ വറ്റിവരണ്ട് കിടക്കുന്ന സ്ഥലങ്ങളിലെ ജനങ്ങളോട് മാന്നനൂരിൽ ചെന്നാൽ പുഴ ഇരുകര മുട്ടി വെള്ളം നിൽക്കുന്നത് കാണാമെന്ന് പറഞ്ഞാൽ വിശ്വസിക്കില്ല. അത്രക്ക് വ്യത്യാസമുണ്ട് സംസ്ഥാനത്തെ ആദ്യത്തെ ഉരുക്കു തടയണയുടെ വൃഷ്ടി പ്രദേശത്തെയും മറ്റിടങ്ങളിലെയും സ്ഥിതി. ഈ തടയണയുടെ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലമൊഴിച്ചാൽ പുഴയുടെ കിഴക്കും പടിഞ്ഞാറുമുള്ള സ്ഥലങ്ങളിൽ കൊടുംവരൾച്ചയുടെ നേർചിത്രമാണ് കാണാൻ കഴിയുക. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളുടെ നിരവധി പ്രദേശങ്ങളിലെ കുടിവെള്ളത്തിെൻറ പ്രധാന സ്രോതസ്സാണ് ഭാരതപ്പുഴ. പുഴയിൽ വെള്ളം എപ്പോഴും നിറഞ്ഞുനിൽക്കുന്ന തരത്തിൽ ഇടവിട്ട് തടയണ നിർമിച്ചാൽ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. ഈയിടെ നിര്യാതനായ മുൻ ജല അതോറിറ്റി ചീഫ് എൻജിനീയറും തടയണകളുടെ വക്താവുമായ ടി.എൻ.എൻ. ഭട്ടതിരിപ്പാട് കുടിവെള്ള പ്രശ്നത്തിെൻറ ശാശ്വത പരിഹാരമായാണ് തടയണകളുടെ നിർമാണം നിർദേശിച്ചത്. എന്നാൽ, അത് അധികൃതർ കാര്യമായെടുത്തില്ല. രാഷ്ട്രീയ പാർട്ടികളും പുഴക്കിരുവശവുമുള്ള തദ്ദേശഭരണ സ്ഥാപനങ്ങളും മണൽവാരുന്നതിനാണ് ഊന്നൽ നൽകിയത്. മണൽ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്നാണ് ഇവർ കാരണമായി പറഞ്ഞതെങ്കിലും തങ്ങൾക്ക് മാസപ്പടി നഷ്ടമാകുമെന്ന ആശങ്കയും ഇതിന് പിന്നിലുണ്ടായിരുന്നു. മണൽ അനിയന്ത്രിതമായി കടത്തിക്കൊണ്ടു പോയപ്പോൾ പുഴ മരണാവസ്ഥയിലായി. ഓരോ വർഷവും മഴ കുറഞ്ഞുവന്നത് പുഴയെ ഇന്നത്തെ അവസ്ഥയിലാക്കി. ഇപ്പോൾ കുടിവെള്ളം പോലും കിട്ടാത്ത ഘട്ടത്തിലായിട്ടും തുടങ്ങി വെക്കുകയും നിർദേശിക്കപ്പെടുകയും ചെയ്ത സ്ഥലങ്ങളിൽ ഒരിടത്ത് മാത്രമാണ് തടയണ നിർമിച്ചിട്ടുള്ളത്. ഷൊർണൂരിൽ എട്ട് വർഷംമുമ്പ് പണിയാരംഭിക്കുകയും വൈകാതെ നിർമാണം സ്തംഭിക്കുകയും ചെയ്ത തടയണയുടെ കാര്യം അനിശ്ചിതത്വത്തിൽ തുടരുകയാണ്. നാല് കിലോമീറ്റർ കിഴക്കുള്ള മാന്നനൂർ ഉരുക്കു തടയണയിലെ വെള്ളത്തെ ആശ്രയിച്ചാണ് ഷൊർണൂരിലെ കുടിവെള്ള വിതരണം നടക്കുന്നത്. എന്നിട്ടും ഷൊർണൂരിൽ സ്ഥിരം തടയണ നിർമിക്കുന്നതിന് അധികൃതർ കാര്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.