പറമ്പിക്കുളം റോഡ്: വനംവകുപ്പ് ആശങ്കയില്‍

ചിറ്റൂര്‍: വിനോദസഞ്ചാര കേന്ദ്രമായ മുതലമട ഗ്രാമപഞ്ചായത്തിലെ പറമ്പിക്കുളം കടുവാ സങ്കേതത്തിലേക്ക് പുതിയ റോഡിന്‍െറ കാര്യത്തില്‍ വനംവകുപ്പിന് ആശങ്ക. അടുത്തിടെ പൂര്‍ത്തിയായ കടുവകളുടെ സര്‍വേ ഫലമാണ് ആശങ്കക്ക് കാരണം. വന്യ ജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുമുണ്ട്. വര്‍ഷം തോറും എടുക്കാറുള്ള സെന്‍സസ് പ്രകാരം കഴിഞ്ഞ വര്‍ഷം കടുവകളുടെ എണ്ണം 26 ആയിരുന്നു. നിലവില്‍ വനംവകുപ്പിന്‍െറ പുതിയ സെന്‍സസ് പ്രകാരം കടുവകളുടെ എണ്ണത്തില്‍ വര്‍ധനവാണുള്ളത്. 37 ആണ് ഇപ്പോഴത്തെ എണ്ണം. വംശനാശം നേരിടുന്ന കടുവകളുടെ സംരക്ഷണത്തിനായി 2010ലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പറമ്പിക്കുളം വന്യജീവി സങ്കേതത്തെ കടുവാ സങ്കേതമായി പ്രഖ്യാപിച്ചത്. തമിഴ്നാട്ടിലൂടെയാണ് പറമ്പിക്കുളത്തേക്ക് ഗതാഗത സൗകര്യമുള്ളത്. പറമ്പിക്കുളം ഡാമുമായി ബന്ധപ്പെട്ട് ഇവിടെയുള്ള തമിഴ്നാട് സര്‍ക്കാറിന്‍െറ ഉദ്യോഗസ്ഥരും കേരള വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ആഴ്ചകളായി നിലനില്‍ക്കുന്ന തര്‍ക്കമാണ് പുതിയ റോഡ് എന്ന ആവശ്യം ശക്തമാക്കുന്നത്. എന്നാല്‍, കടുവകളുടെ സ്വാഭാവിക ജീവിതത്തിനാവശ്യമായ സ്ഥലം പുതിയ റോഡ് വരുന്നതോടെ ഇല്ലാതാവുമെന്ന് വനംവകുപ്പ് പറയുന്നു. 390.89 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന വനമേഖലയാണ് പറമ്പിക്കുളത്തിലേത്. വനമേഖലയുടെ കുറവും റോഡ് ഗതാഗതം സുഗമമായാല്‍ ഉണ്ടാവുന്ന സഞ്ചാരികളുടെ ബാഹുല്യവും ഭീഷണിയാവുന്നത് പരിസ്ഥിതിക്കും വന്യ ജീവികള്‍ക്കുമാണെന്ന ആശങ്കയിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍. പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി കര്‍ശന നിയന്ത്രണങ്ങളാണ് കേരള വനംവകുപ്പ് നടപ്പാക്കുന്നത്. പറമ്പിക്കുളം ആളിയാര്‍ പ്രോജക്ട് നിര്‍മാണ ഘട്ടത്തില്‍ തൊഴിലാളികള്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ കേരള സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍നിന്ന് നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞിട്ടും ഒഴിഞ്ഞുപോകാന്‍ തയാറാവാത്തതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പറമ്പിക്കുളത്ത് വ്യാപാരികളും വിദ്യാര്‍ഥികളും ദിവസങ്ങളോളം ഗതാഗതം തടയാനിടയാക്കിയത്. ഇതാണ് പറമ്പിക്കുളത്തേക്ക് കേരളത്തിലൂടെ റോഡ് എന്ന ആവശ്യം ശക്തമാവാന്‍ കാരണം. എന്നാല്‍, പദ്ധതി യാഥാര്‍ഥ്യമായാല്‍ പ്രധാനമായും തകരുന്നത് കടുവകളുടെ ആവാസ വ്യവസ്ഥയാണ്. ആറ് കോളനികളിലായി ഇവിടെ താമസിക്കുന്ന ആദിവാസികള്‍ക്ക് ആശുപത്രിയിലേക്കും മറ്റും എത്തിപ്പെടാന്‍ മതിയായ ഗതാഗത സൗകര്യമില്ല. മണ്ണും മെറ്റലുമായി കിടക്കുന്ന മുതലമട ചെമ്മണാം പതി റോഡ് ഗതാഗതയോഗ്യമാക്കിയാല്‍ കേരളത്തിലൂടെ റോഡ് എന്ന ദീര്‍ഘകാലത്തെ ആവശ്യം നിറവേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.